തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല. ജനപങ്കാളിത്തത്തോടെ വനം സംരക്ഷിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തു. വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 121 വില്ലേജുകളില്‍ വിശദമായ പഠനം നടത്തി. സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചു. ഇവയെല്ലാം പരിഗണിച്ച് കേന്ദ്രം തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നല്ല, മാറ്റങ്ങള്‍ വരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് സ്വീകരിക്കേണ്ട അവസ്ഥയുണ്ടാവും. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.