ഗള്‍ഫുകാരുടെ ജീവിതം അറിയുന്നവര്‍ക്ക് നോവായി ‘ടു മെന്‍’

പ്രവാസിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിച്ച ‘ടു മെന്നിന്’ മികച്ച പ്രേക്ഷക പ്രതികരണം. ദുബായ് മരുഭൂമിയിലൂടെയുള്ള റോഡ് മൂവി മലയാള സിനിമയില്‍ പുതിയ ത്രില്ലര്‍ അനുഭവമാണ് സമ്മാനിക്കുന്നത്.

എം എ നിഷാദും ഇര്‍ഷാദ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തമിഴ് ക്യാമറാമാന്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയുടെ സിനിമറ്റോഗ്രഫിയാണ് പുത്തന്‍ കാഴ്‌ചാനുഭവങ്ങള്‍ സമ്മാനിക്കുന്നത്.

എം എ നിഷാദിന്റെ അബൂക്ക ഗള്‍ഫ് ജീവിതം അറിയുന്നവര്‍ക്കെല്ലാം നോവായി മാറും. നിഷാദിന്റെ പ്രകടനം മികച്ചതായി. സംവിധായകനില്‍ നിന്നും നടനായി മാറിയ എംഎ നിഷാദ് ഈ രംഗത്തും തന്റെ ചുവടുറപ്പിക്കുന്ന ചിത്രമാണ് ടു മെന്‍. ഇര്‍ഷാദും സഞ്ജയ് മേനോനായി സ്‌ക്രീനില്‍ തിളങ്ങി.

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച്‌ കെ.സതീഷ് സംവിധാനം ചെയ്ത ടു മെന്‍ പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാള്‍ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്നു.

മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.

മുഹാദ് വെമ്ബായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *