ആര്‍ത്തവത്തിന്റെ ആദ്യ ദിനങ്ങളില്‍ അവധി, മാദ്ധ്യമ സ്ഥാപനം മാതൃകയാകുന്നു

തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ആര്‍ത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടുകളാണെന്ന് മിക്ക സ്ത്രീകളും സമ്മതിക്കും. കടുത്ത വയറുവേദനയും തലപെരുപ്പും വിഷാദവുമായി കഷ്ടപ്പെടുമ്ബോള്‍ എവിടെയെങ്കിലും ചുരുണ്ടുകൂടിയാല്‍ മതിയെന്ന് ചിന്തിക്കാത്തവര്‍ വിരളമായിരിക്കും.എന്നാല്‍ ഇന്നത്തെ മാറിയ തൊഴില്‍ സാഹചര്യങ്ങളില്‍ പലപ്പോഴും സ്ത്രീയ്ക്ക് ഈ പരിഗണന കിട്ടിയെന്ന് വരില്ല. ആര്‍ത്തവത്തിന്റെ ആദ്യ ദിവസങ്ങളിലെങ്കിലും സ്ത്രീകള്‍ക്ക് അവധി നല്‍കണമെന്ന് ചില വനിതാ സംഘനകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടും നാളേറെയായി. എന്നാല്‍ ഈ സാഹചര്യത്തില്‍ ആര്‍ത്തവത്തിന്റെ ആദ്യ ദിവസത്തില്‍ ശമ്ബളത്തോട് കൂടിയ അവധി കൊടുത്ത് മാതൃകയാവുകയാണ് മുംബയിലെ ഒരു മാദ്ധ്യമ സ്ഥാപനം.

മുംബയ് ആസ്ഥാനമായ കള്‍ച്ചര്‍ മെഷീന്‍ എന്ന സ്ഥാപനമാണ് ഇന്ത്യയില്‍ തന്നെ ആദ്യമായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ബ്ലഷ് എന്ന പേരില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ കൊണ്ട് പരിപാടികള്‍ അവതരിപ്പിക്കുന്ന യൂട്യൂബ് ചാനലിന്റെ ഉടമസ്ഥരാണ് കള്‍ച്ചര്‍ മെഷീന്‍. 75 വനിതാ ജീവനക്കാരുള്ള സ്ഥാപനത്തിലുള്ളവരെല്ലാം തീരുമാനത്തില്‍ സംതൃപ്തരാണ്.

ആര്‍ത്തവത്തിന്റെ ആദ്യ ദിനങ്ങള്‍ മിക്ക സ്ത്രീകള്‍ക്കും പലപ്പോഴും ആശ്വാസകരമായിരിക്കില്ലെന്ന് കമ്ബനിയിലെ എച്ച്‌.ആര്‍ വിഭാഗത്തിന്റെ ചുമതലയുള്ള ദേവ്ലീന എസ് മജുംദാര്‍ പറയുന്നു. സ്ത്രീകള്‍ക്ക് തിരിച്ചറിവുണ്ടാകുന്ന സമയമാണിത്. എന്നാല്‍ ഇതൊരു ബുദ്ധിമുട്ടായി ആരും കാണുന്നില്ല. ഇത് ഓരോ സ്ത്രീയുടെയും ജീവിതത്തിലെ ഭാഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത്കൊണ്ടും തീരുന്നില്ല കള്‍ച്ചര്‍ മെഷീന്റെ പ്രവര്‍ത്തനങ്ങള്‍. സ്വന്തം സ്ഥാപനത്തില്‍ നടപ്പിലാക്കിയ പരിഷ്ക്കരണം രാജ്യം മുഴുവന്‍ വ്യാപകമാക്കണമെന്ന ആവശ്യവുമായി കമ്ബനി, ദേശീയ മാനവ വിഭവശേഷി വകുപ്പിനും ദേശീയ വനിതാ മന്ത്രാലയത്തിനും നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്. ചില വിദേശ രാജ്യങ്ങളിലെ കമ്ബനികള്‍ ഇത്തരത്തില്‍ വനിതാ ജീവനക്കാര്‍ക്ക് അവധി അനുവദിക്കാറുണ്ട്. 1920ല്‍ ജപ്പാനിലാണ് ഇത്തരമൊരു ആശയം ഉടലെടുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *