പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാനുള്ള സൗകര്യമൊരുക്കിയ ആദ്യ ബാങ്കായി ഫെഡറല്‍ ബാങ്ക്

കൊച്ചി: പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാനുള്ള സൗകര്യത്തിന് തുടക്കം കുറിച്ച ആദ്യ ബാങ്കായി ഫെഡറല്‍ ബാങ്ക്. റുപ്പീ ഡ്രോയിങ് അറേഞ്ചുമെന്റിനു കീഴില്‍ ഭാരത് ബില്‍ പെയ്‌മെന്റ് സിസ്റ്റത്തിലൂടെ (ബിബിപിഎസ്) വിദേശത്തു നിന്നു പണമയക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു. ഇതിനു തുടര്‍ച്ചയായാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പൂര്‍ണ സബ്‌സിഡിയറിയായ ഭാരത് ബിൽ പേ ലിമിറ്റഡ്, ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് എന്നിവയുമായി സഹകരിച്ച് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചത്.

ഇതോടെ, എക്‌സ്‌ചേഞ്ച് ഹൗസുകളും ബാങ്കുകളും ഉള്‍പ്പെടെയുള്ള വിദേശ റെമിറ്റന്‍സ് പങ്കാളികള്‍ക്ക് 20,000-ത്തില്‍ ഏറെ ബില്ലര്‍മാരുടെ ഇരുപതിലേറെ വിഭാഗങ്ങളിലായുള്ള യൂട്ടിലിറ്റി ബില്ലുകൾ ചെലവു കുറഞ്ഞതും സൗകര്യപ്രദമായ രീതിയില്‍ അടക്കാന്‍ സൗകര്യമൊരുങ്ങിയിരിക്കുകയാണ്. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ വെച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പുതിയ സംവിധാനം അവതരിപ്പിച്ചു.

പ്രവാസികള്‍ ഏറെ കാത്തിരുന്ന ഈ സൗകര്യം എന്‍ബിബിഎല്‍, ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് എന്നിവയുമായി സഹകരിച്ച് പുറത്തിറക്കുന്ന ആദ്യ സ്ഥാപനമായതില്‍ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ടെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പ്രസ്താവിച്ചു. വിദേശത്തു നിന്നു നേരിട്ട് ബിൽ അടക്കാന്‍ സഹായിക്കുന്ന ഈ സംവിധാനം ഡിജിറ്റല്‍ പെയ്‌മെന്റ് രീതികളെ ശക്തമാക്കുന്നതോടൊപ്പം ഗുണഭോക്താക്കള്‍ക്ക് ലളിതവും സൗകര്യപ്രദവുമായ ബില്‍ അടക്കല്‍ സാധ്യമാക്കുകയും ചെയ്യുമെന്നും ശാലിനി വാര്യര്‍ പറഞ്ഞു.

ബിബിപിഎസ് സംവിധാനത്തിലൂടെ വിദേശത്തു നിന്നു ബില്‍ അടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ പിന്തുണ നല്‍കിയ റിസര്‍വ് ബാങ്കിനോടു തങ്ങള്‍ കൃതജ്ഞരാണെന്ന് എന്‍പിസിഐ ഭാരത് ബില്‍ പെയ്‌മെന്റ്‌സ് സിഇഒ നൂപുര്‍ ചതുര്‍വേദി പറഞ്ഞു. ഏതു സമയത്തും എവിടെ നിന്നും ബില്ലുകള്‍ അടക്കാനാവുന്ന ഒരു കുടക്കീഴിലെ സംവിധാനമാണ് ബിബിപിഎസ്. വിശ്വാസ്യതയോടും സുരക്ഷിതമായും ഈ സംവിധാനം വഴി ഇടപാടുകള്‍ നടത്താനാവും. വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലുള്ള അവരുടെ കുടുംബത്തിനു വേണ്ടി ബില്ലുകള്‍ അടക്കാന്‍ പുതിയ സംവിധാനം വളരെ സഹായകരമാണ്. ഭാരത് ബില്‍ പെയ്‌മെന്റ് ശൃംഖലയിലൂടെ വിദേശത്തു നിന്നുള്ള ബില്ലുകള്‍ അടക്കുന്ന സംവിധാനം ആദ്യമായി അവതരിപ്പിക്കാന്‍ സംയുക്തമായി മുന്നോട്ടു വന്ന ഫെഡറല്‍ ബാങ്കിനേയും ലുലു ഇന്റര്‍നാഷണലിനേയും തങ്ങള്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തേക്കുള്ള വ്യക്തിഗത പണമയക്കലിന്റെ 21 ശതമാനം വിപണി വിഹിതമാണ് ഫെഡറല്‍ ബാങ്കിനുള്ളത്. പുതിയ സേവനത്തിലൂടെ റെമിറ്റന്‍സ് രംഗത്തെ വിപണി വിഹിതം കൂടുതല്‍ ശക്തമാക്കാനാവുമെന്നാണ് ഫെഡറല്‍ ബാങ്ക് കരുതുന്നത്. യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാനുള്ള ഈ സൗകര്യം എല്ലാ റെമിറ്റന്‍സ് പങ്കാളികള്‍ക്കും ഉടന്‍ തന്നെ ലഭ്യമാക്കുന്നതാണ്.

Spread the love

Leave a Reply

Your email address will not be published.