കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അന്ത്യം അടുത്തു: മമത

mamata_bദില്ലി: ബ്രിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇനി രാജ്യം ഭരിക്കാന്‍ പോകുന്നത് ഫെഡറല്‍ മുന്നണി സര്‍ക്കാരായിരിക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു
ഒരു ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമതാ ബാനര്‍ജി നരേന്ദ്രമോദിയെകുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. കലാപത്തിന്റെ പാര്‍ട്ടിയായ ബി ജെ പി യുടെ നേതാവ് നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയ മമതാ ബാനര്‍ജി കോണ്‍ഗ്രസിന് ബിജെപി ഒരുതരത്തിലും ബദലാവുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
രണ്ടു രാഷ്ട്രീയപാര്‍ട്ടികളുടെയും അന്ത്യം അടുത്തുവെന്നും രാജ്യം ഇനി ഭരിക്കാന്‍ പോകുന്നത് ഫെഡറല്‍ മുന്നണി സര്‍ക്കാരായിരിക്കുമെന്നും അഭിമുഖത്തില്‍ മമത പറയുന്നു. സി പി എം ഉള്‍പ്പെടുന്ന ഒരു മൂന്നാം മുന്നണി സംവിധാനത്തിന് പ്രസക്തിയില്ലെന്നും മമത പറഞ്ഞു. പ്രധാനമന്ത്രിപദം ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിന് രാജ്യം ഭരിക്കാന്‍ പ്രഗല്‍ഭരായ നിരവധി നേതാക്കളുണ്ടെന്നായിരുന്നു മമതയുടെ മറുപടി.