‘ചന്ദ്രിക’യ്ക്ക് ‘വീക്ഷണ’ത്തിന്റെ മറുപടി

veekshanamകോഴിക്കോട്: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ലീഗ് മുഖപത്രമായ ‘ചന്ദ്രിക’ മുഖപ്രസംഗമെഴുതിയതിനു മറുപടിയുമായി കോണ്‍ഗ്രസ് മുഖപത്രമായ ‘വീക്ഷണം’. ‘ഓതിക്കനെ ഓത്ത് പഠിപ്പിക്കരുത്’ എന്ന തലക്കെട്ടില്‍ വൂക്ഷണത്തില്‍ എഴുതിയിരിക്കുന്ന എഡിറ്റോറിയല്‍ മുസ്‌ലിം ലീഗിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.  ഒരു പരാജയത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ കൊത്തിക്കീറുന്ന മുസ്‌ലിം ലീഗിന്റെ നടപടി രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് ലേഖനത്തില്‍ പറയുന്നു.


രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തെ ഊരുചുറ്റലായും വണ്‍മാന്‍ഷോ ആയും വിലകുറച്ചുകാണുന്ന ‘ചന്ദ്രിക’ യിലെ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി പാണക്കാട്ടെ ആത്മീയ നേതൃത്വമല്ലേ ലീഗിന് നിത്യഹരിതം പകരുന്നതെന്ന് വീക്ഷണം ചോദിക്കുന്നു.


ലീഗ് പത്രത്തിന്റെ നടപടി ക്രിയാത്മകമല്ല, അത് പരിഹാസത്തിന്റെ ഭാഷയാണ് പറയുന്നത്. ദേശീയതലത്തില്‍ റോളില്ലാത്ത ലീഗ് ഗ്യാലറിയിലിരുന്ന് ഉപദേശിക്കേണ്ട. കളിക്കളത്തിലെ പ്രതിരോധത്തിനും മുന്നേറ്റത്തിനും കയ്യടിച്ചുപോലും പ്രോത്സാഹിപ്പിക്കാത്തവര്‍ ഗോള്‍വല കുലുങ്ങാത്തതിന്റെ പേരില്‍ ക്യാപ്റ്റനെ പഴിക്കുന്നത് പോലെയാണ് പത്രത്തിന്റെ വിമര്‍ശനം. വീഴ്ച തിരുത്തി വീണ്ടും തിരികെ വരാന്‍ കോണ്‍ഗ്രസിന് മുസ്‌ലിം ലീഗിന്റെ എന്‍ട്രന്‍സ് കോച്ചിങോ പാര്‍ട്ടി മുഖപ്രസംഗത്തിന്റെ ഹോം ട്യൂഷനോ ആവശ്യമില്ല. വിജയത്തിന്റെയും പരാജയത്തിന്റെയും പാഠങ്ങള്‍ ലീഗിന്റെ മുഖപത്രത്തില്‍ നിന്നും കോണ്‍ഗ്രസിന് പഠിക്കേണ്ടതില്ലെന്നു വീക്ഷണം പറയുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെയുള്ള ഇത്തരം ഒളിയുദ്ധങ്ങള്‍ ഇതിനു മുമ്പും ലീഗ് പത്രം നടത്തിയിട്ടുണ്ടെന്നും വീക്ഷണം പറയുന്നു.