കടമ്മനിട്ട ലോ കോളേജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. സിപിഎം പെരുനാട് ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ നേതാവുമായ ജയ്സൺ ജോസഫിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സനെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയിൽ വലിയ വിമർശനം ഉയർന്നിരുന്നു.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണു ജയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബർ 20നാണ് കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ നിയമ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്. മർദ്ദനമേറ്റ പെൺകുട്ടിയുടെ പരാതിയിൽ കേസെടുക്കാൻ മടിച്ച പൊലീസ്, പരാതിക്കാരിക്കെതിരെ തുടരെ കേസ് എടുത്തിരുന്നു.
കേസില്‍ ജനുവരി 9 നാണ് ജെയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്. 13നു മുൻപു പൊലീസിൽ കീഴടങ്ങാൻ ജയ്സനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സനെ അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.