പുകമഞ്ഞില്‍ മൂടി ഡല്‍ഹി: സ്‌കൂളുകള്‍ അടച്ചു; ആരോഗ്യ അടിയന്തരാവസ്ഥ; വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ന്യൂഡല്‍ഹി: തലസ്ഥാനം ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയില്‍. നഗരത്തില്‍ കനത്ത പുകമഞ്ഞ് തുടരുകയാണ്. മലിനികീരണം രൂക്ഷമായതിനെത്തുടര്‍ന്ന് ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശത്ത് കനത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. അന്തരീക്ഷത്തിലെ പൊടിയുടെ അളവു വര്‍ധിച്ച സാഹചര്യത്തില്‍ കഴിയുന്നതും പുറത്തിറാങ്ങാതിരിക്കാന്‍ നഗരവാസികള്‍ക്കു നിര്‍ദേശം നല്‍കി. രാജ്യതലസ്ഥാനത്തെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സ്‌കൂളുകള്‍ക്കു മൂന്നുദിവസം അവധി നല്‍കിയിട്ടുണ്ട്. പ്രൈമറി സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. രാവിലെയും വൈകുന്നേരവും നിരത്തിലൂടെ നടക്കാനിറങ്ങുന്നതും ഒഴിവാക്കണമെന്നും അഭ്യര്‍ഥനയുണ്ട്.

നഗരത്തില്‍ അന്തരീക്ഷമാലിന്യ സാന്ദ്രത വളരെയധികം ഉയര്‍ന്നു. വായുവിന്റെ നിലവാരം ഏറ്റവും മോശം നിലയിലെത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാര സൂചിക ഏറ്റവും മോശമായ 396 എന്ന നിലയിലായിരുന്നു. പൂജ്യം മുതല്‍ 50 വരെയാണ് മികച്ച കാലാവസ്ഥാ നിലവാരം. പലര്‍ക്കും തലവേദനയും കണ്ണ് എരിച്ചിലും ശ്വാസതടസ്സവും ജലദോഷവും വിഷാദവും അനുഭവപ്പെടുന്നതായാണു റിപ്പോര്‍ട്ടുകള്‍. വായുവിന്റെ നിലവാരം മോശമായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ മാസം 19ന് നടത്തുന്ന മാരത്തണ്‍ മാറ്റിവയ്ക്കണമെന്നും കായികപരിശീലനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് നഗരത്തില്‍ 20 മീറ്റര്‍ ദൂരത്തിനുള്ളില്‍ വരെ കാഴ്ച നഷ്ടപ്പെട്ടു. പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ചു. 20ഓളം വിമാനങ്ങള്‍ വൈകി. ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന് 11 ട്രെയിനുകള്‍ വൈകിയോടുകയാണ്. പുകമഞ്ഞ് മൂലം റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. കാഴ്ച തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ആഗ്ര-നോയിഡ യമുന എക്‌സ്പ്രസ്സ് ഹൈവേയില്‍ കാറുകള്‍ വന്ന് കൂട്ടിയിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവന്നു. 20ഓളം കാറുകള്‍ കൂട്ടിയിടിച്ചു. ഒന്നിന് പിറകേ ഒന്നായി കാറുകള്‍ വന്ന് കൂട്ടിയിടിക്കുന്നതും ഇടിച്ച കാറുകളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ആരോഗ്യ, പരിസ്ഥിതി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. യോഗത്തില്‍ ഡല്‍ഹിയെ ഗ്യാസ് ചേംബറായി മാറിയതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നഗരത്തില്‍ വാഹന നിയന്ത്രണം വീണ്ടും കൊണ്ടുവരാന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിര്‍ദേശിച്ചു. ഒറ്റ ഇരട്ട നമ്പര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം കൊണ്ടുവരാനാണ് നിര്‍ദേശം. നഗരത്തില്‍ ട്രക്കുകള്‍ പ്രവേശിക്കുന്നത് തടയാനും തീരുമാനമുണ്ടാവുമെന്നാണ് സൂചന. ദീപാവലി സമയത്തായിരുന്നു ഇതിനു മുമ്പ് ഇത്രയും ഉയര്‍ന്ന മലിനീകരണത്തോത് രേഖപ്പെടുത്തിയത്. എന്നാല്‍ ദീപാവലി ദിവസത്തിലുണ്ടായ മലിനീകരണത്തോതിനേക്കാള്‍ മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ ഡല്‍ഹിയിലെ വായുവിന്റെ നിലവാരം.

മലിനീകരണത്തിനെതിരേ സ്വീകരിച്ച നടപടികള്‍ ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് ദേശീയ ഹരിതകോടതിയും വിശദീകരണം ആവശ്യപ്പെട്ടു. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളോട് ഡല്‍ഹി ഹൈക്കോടതിയും ഈ വിഷയത്തില്‍ വിശദീകരണം തേടി. വാഹനങ്ങള്‍ പുറത്തിറക്കുന്നത് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നഗരത്തിലെ പാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്്. നാലിരട്ടിയാണ് പാര്‍കിങ് ഫീസിലെ വര്‍ധന. അന്തരീക്ഷ മലിനീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സുപ്രിംകോടതി നിയോഗിച്ച സമിതിയുടേതാണ് തീരുമാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡല്‍ഹി മെട്രോയിലും വിന്യസിച്ച സിഐഎസ്എഫുകാര്‍ക്ക് 9000 മാസ്‌ക്കുകള്‍ നല്‍കി.

ഗാസിയാബാദിലും മലിനീകരണം രൂക്ഷമാണ്. പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടുദിവസം അടച്ചിടാന്‍ ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റ്് നിര്‍ദേശിച്ചു. ദേശീയ തലസ്ഥാന പ്രദേശത്തിനു പുറമേ ഹരിയാനയിലും പഞ്ചാബിലും മലിനീകരണതോത് വര്‍ധിക്കുകയാണ്. വിളവെടുപ്പിനുശേഷം പാടങ്ങള്‍ കത്തിച്ചതാണ് പുകമഞ്ഞിനു കാരണമായത്. ഡല്‍ഹിയില്‍ മലിനീകരണ തോത് കുറയ്ക്കാനായി കൃത്രിമമഴയ്ക്കുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ തേടുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *