ഗുജറാത്ത് പിടിച്ചെടുക്കാന്‍ രാഹുലിന് 40അംഗ രഹസ്യ സംഘം


അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കാന്‍ 40അംഗ രഹസ്യ സേന. 22വര്‍ഷമായി ബിജെപി ഭരണത്തിലുള്ള ഗുജറാത്ത് പിടിച്ചെടുക്കാനുള്ള ശക്തമായ ശ്രമത്തിലാണ് കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധിയും.
ഗുജറാത്തിലെ ഓരോ ചെറിയ സംഭവവികാസങ്ങളും വിശകലനം ചെയ്ത് രാഹുലിനെ അറിയിക്കാന്‍ നാല്‍പ്പത് പേരടങ്ങിയ ഒരു പ്രത്യേകസംഘം തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.


രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചു വേണം പ്രവര്‍ത്തിക്കാന്‍ എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശമെന്നും സംസ്ഥാന രാഷ്ട്രീയത്തിലെ ഒരോ നീക്കങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും അപ്പപ്പോള്‍ ഞങ്ങള്‍ ടീം ലീഡറെ അറിയിക്കുമെന്നും സംഘാഗം പറയുന്നു. ടീം ലീഡറാണ് വിവരങ്ങള്‍ രാഹുലിന് കൈമാറുന്നത്. ജനങ്ങളുടെ വികാരം ഏത് രീതിയിലാണെന്ന് പഠിക്കുക, വിവിധ വിഷയങ്ങളില്‍ നിലപാടും നയങ്ങളും രൂപീകരിക്കുക ഇതെല്ലാമാണ് നിലവില്‍ തങ്ങളുടെ പ്രധാനചുമതല. അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തണമെന്ന നിര്‍ദേശവും ലഭിച്ചിട്ടുണ്ട്. ജനപ്രീതിയില്ലാത്തവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാവാന്‍ പാടില്ലെന്ന കര്‍ശനനിലപാടിലാണ് രാഹുലെന്നും അദ്ദേഹം അറിയിച്ചു.


രഹസ്യസേനയിലെ മുതിര്‍ന്ന അംഗങ്ങളെ രാഹുല്‍ തന്നെയാണ് തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഈ അംഗങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരെ തിരഞ്ഞെടുത്ത് സംഘത്തിലുള്‍പ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെല്ലാം ഈ ടീമിന്റെ ഭാഗമാണ്. ഗുജറാത്ത് പിസിസി അധ്യക്ഷന്‍ ഭാരത്സിന്‍ സോളങ്കിക്കും പ്രമുഖനേതാവ് അശോക് ഗെല്ലോട്ടിനും ഇങ്ങനെയൊരു രഹസ്യസംവിധാനമുള്ളതായി അറിയാമെങ്കിലും അതിലുള്ളവരെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയില്ല. ഈ മാസം 20ന് മുന്‍പായി സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കാനുള്ള പരിശ്രമത്തിലാണ് രഹസ്യ സംഘം എന്നാണ് സൂചന.

 

 

 

 

 



Sharing is Caring