ഡിസിസി പട്ടിക; ലിസ്റ്റ് കൊടുത്തിട്ടില്ല, ചര്‍ച്ച അപൂര്‍ണമായിരുന്നെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്ന് താൻ പറഞ്ഞില്ലെന്ന് ഉമ്മൻചാണ്ടി. പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. എന്നാൽ അത് അപൂർണമായിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

പ്രാഥമികമായ ചർച്ചയിൽ ഞങ്ങളുടെ ആളുകളുടെ പേരുകൾ മാത്രമല്ല. മറ്റ് ആളുകളുടേയും പേരുകൾ പറഞ്ഞിരുന്നു. ലിസ്റ്റ് കൊടുത്തിട്ടില്ല. ചർച്ച അപൂർണമായിരുന്നുവെന്നാണ് താൻ പറയുന്നത്. പ്രാഥമിക ചർച്ചകൾ നടന്നു. പിന്നീട് കാണാം എന്ന് പറഞ്ഞ് ചർച്ച അവസാനിപ്പിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.

പട്ടിക പ്രഖ്യാപിക്കുന്ന സമയത്ത് അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാവാതിരിക്കാനുളള നടപടികളെ കുറിച്ച് ഞങ്ങൾ നേതൃസ്ഥാനത്തിരുന്ന കാലത്ത് ആലോചിച്ചിരുന്നു. തീരുമാനമെടുക്കുമ്പോൾ എല്ലാവർക്കും അത് സ്വീകാര്യമാവാൻ ശ്രമിക്കാറുണ്ട്. നിർദേശങ്ങൾ എഴുതിവെച്ച ഡയറി വാർത്താസമ്മേളനത്തിൽ ഉയർത്തിക്കാണിച്ച നടപടി തെറ്റായിപ്പോയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ച് ഹൈക്കമാൻഡ് പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ പരസ്യമായി പ്രതികരിച്ച് ഉമ്മൻചാണ്ടി രംഗത്ത് വന്നിരുന്നു. അധ്യക്ഷന്മാരെ തീരുമാനിച്ച കാര്യത്തിൽ ഫലപ്രദമായ ചർച്ചകൾ നടന്നിട്ടില്ലെന്നും, നടന്നിരുന്നെങ്കിൽ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നുവെന്നുമാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്.
എന്നാൽ ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ട് തവണ ചർച്ചകൾ നടത്തിയെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. ഉമ്മൻചാണ്ടിയുമായി രണ്ട് വട്ടം ചർച്ച നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഉമ്മൻചാണ്ടി നിർദേശിച്ച പേരുകളെഴുതിയ ഡയറിയും വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാട്ടിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും സമാനമായ പ്രതികരണമാണ് നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *