തിരുവനന്തപുരം: കേരളത്തിലെ നാലു ഡാമുകള്‍ക്കുമേലുള്ള തമിഴ്‌നാടിന്റെ അവകാശവാദം കേരളം ഡാം സുരക്ഷാ സമതിയില്‍ എതിര്‍ത്തില്ല. ഇതിനുള്ള തെളിവുകളായി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. യോഗത്തിന്റെ മിനുറ്റ്‌സും, കേന്ദ്രജലകമ്മീഷന്റെ കത്തുമാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നത്. ജമീലപ്രകാശമാണ് നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചത്.
2013 ഡിസംബര്‍ 27ന് ചേര്‍ന്ന ഡാം സുരക്ഷാ അതോറിറ്റി യോഗത്തിലായിരുന്നു തമിഴ്‌നാട് മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപ്പള്ളം ഡാമുകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു വേണമെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കേരളത്തിന്റെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത ചീഫ് എന്‍ജിനിയര്‍ ഈ വാദങ്ങളെ എതിര്‍ത്തില്ല. കേരളത്തിന്റെ പ്രതിനിധി എതിര്‍പ്പ് അറിയിക്കാത്ത പശ്ചാത്തലത്തിലാണ് തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ഈ വിഷയം ഗൗരവമേറിയതാണെന്നും പരിശോധിച്ചശേഷം നാളെ മറുപടി നല്‍കാമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ജലവിഭവമന്ത്രി പിജെ ജോസഫിന്റെ പ്രതികരണം. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ച് സഭ പ്രക്ഷുബ്ദമായി. തുടര്‍ന്ന് വിഷയം പഠിച്ചശേഷം നാളെ സഭയില്‍ പ്രസ്താവന നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ താല്‍പര്യം ഹനിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
