ആര്‍എസ്എസ് കുപ്രചാരണം; 9ന് ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്‌മ: കോടിയേരി

കോഴിക്കോട് : ആര്‍എസ്എസ്- ബിജെപി കുപ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ 9ന് ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ ആഹ്വാനപ്രകാരം നടക്കുന്ന ദേശീയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായാണ് കൂട്ടായ്മ.

കൂട്ടായ്മയില്‍ വിവിധ വിഭാഗത്തില്‍പെട്ട വ്യക്തികളെയും സാംസ്കാരിക പ്രവര്‍ത്തകരെയും അണിനിരത്തും. വേങ്ങര തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറത്തൊഴികെ 13 ജില്ലാകേന്ദ്രങ്ങളിലും കൂട്ടായ്മയുണ്ടാകും. കോഴിക്കോട് സി എച്ച് കണാരന്‍ മന്ദിരത്തില്‍ ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡക്കെതിരെ തുടര്‍ച്ചയായ പ്രചാരണ പ്രവര്‍ത്തനം നടത്തും. ഈമാസം 15 മുതല്‍ നവംബര്‍ 15 വരെ സിപിഐ എം ലോക്കല്‍ സമ്മേളനങ്ങളുടെ ഭാഗമായി വര്‍ഗീയ വിരുദ്ധ പ്രഭാഷണം, വര്‍ഗീയതക്കെതിരായ പ്രദര്‍ശനം, ലഘുലേഖ വിതരണം എന്നിവ നടത്തും. വീടുവീടാന്തരം കയറിയുള്ള പ്രചാരണ പരിപാടിയുമുണ്ടാകും.

ബിജെപി കുപ്രചാരണത്തിനെതിരെ ജാഥ നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് മാറ്റിയത്. ഉപതെരഞ്ഞെടുപ്പിനുശേഷം എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കും.

സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസിനുമുന്നിലേക്ക് 16 വരെ പ്രകടനം നടത്താനുള്ള ബിജെപി തീരുമാനം ഫാസിസ്റ്റ് രീതിയാണ്. ജനാധിപത്യരീതിയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്ന സിപിഐ എമ്മിനെ അതിനനുവദിക്കില്ലെന്ന പ്രഖ്യാപനമാണ്. കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇതെല്ലാം. നിയമവാഴ്ച തകര്‍ക്കാന്‍ കേന്ദ്രമന്ത്രിമാര്‍ നേതൃത്വം നല്‍കുകയാണ്. മുന്‍കാലങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ ചെയ്യാത്ത കാര്യങ്ങളാണിത്. മറ്റ് പാര്‍ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന പരസ്യപ്രഖ്യാപനമാണിത്.

കേരളത്തിലെ ഇടതുപക്ഷ മനസ് കീഴ്പെടുത്താന്‍ വര്‍ഗീയ ശക്തികള്‍ക്ക് കഴിയില്ല. ആര്‍എസ്എസ് പരിപ്പ് കേരളത്തില്‍ വേവില്ലെന്ന് കുമ്മനത്തിന്റെ യാത്ര അവസാനിക്കുമ്പോള്‍ അവര്‍ക്ക് മനസ്സിലാകും. ഭയപ്പെടുത്തി കീഴ്പെടുത്താമെന്ന് ആര്‍എസ്എസ് വിചാരിക്കേണ്ട. ആര്‍എസ്എസിന്റെ കഠാരയും ദണ്ഡും പേടിച്ച് മാളത്തിലൊളിക്കാന്‍ സിപിഐ എമ്മിന് കഴിയില്ല. കേരളത്തില്‍ കുഴപ്പമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും കോടിയേരി പറഞ്ഞു. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *