മുഖാവരണത്തെയും മഴ നനയ്ക്കല്ലേ… പണികിട്ടും

കൊച്ചി: ഇനി മഴക്കാലം. മഴക്കാലത്ത് മാസ്‌കിന് അല്പം കൂടുതല്‍ കരുതല്‍ വേണമെന്ന് ആരോഗ്യവിദഗ്ധര്‍. നന്നായി ഉണങ്ങാത്ത മാസ്‌കുകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. നനഞ്ഞ മുഖാവരണം ഫംഗസിനെയും ബാക്ടീരിയയെയും ക്ഷണിച്ചുവരുത്തും. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും പ്രമേഹമുള്ളവര്‍ക്കും അണുബാധ കൂടുതലായി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉണങ്ങിയ മുഖാവരണം മാത്രമേ വൈറസില്‍നിന്നു സംരക്ഷണം നല്‍കൂ. കൊറോണയ്ക്ക് പിന്നാലെ മഴക്കാല രോഗങ്ങളും ഇനി സജീവമാകും. കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണിനി.

കോവിഡ് രോഗികളുമായി നേരിട്ടു ബന്ധമില്ലാത്തവരോട് തുണികൊണ്ടുള്ളവ ഉപയോഗിക്കാനാണ് അധികൃതരുടെ നിര്‍ദേശം. മഴക്കാലമായതോടെ ഇവ നനയാനുള്ള സാധ്യത കൂടുതലാണ്. നനഞ്ഞുകഴിഞ്ഞാല്‍ ഒരു മിനിറ്റുപോലും ഉപയോഗിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ബാക്ടീരിയയ്ക്കും ഫംഗസിനുമൊപ്പം ഇത് അണുബാധയുണ്ടാക്കി ചൊറിച്ചിലിനു കാരണമാകുമെന്ന് പൊതുജനാരോഗ്യ വിദഗ്ധ ഡോ. ജി.ഐ. സന്ധ്യ പറഞ്ഞു. നനഞ്ഞ മുഖാവരണം ചുണ്ടുകളിലും മുഖത്തും വെളുത്തപാടുകളും ചുവന്ന തടിപ്പുകളും ഉണ്ടാക്കുമെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഡോ. ബി. പത്മകുമാര്‍ പറഞ്ഞു. കോവിഡ് വ്യാപനത്തിനും കാരണമാകും.

കഴുകി, ഉണക്കി, തേച്ച മാസ്‌കുകള്‍ മാത്രമേ വീണ്ടും ഉപയോഗിക്കാവൂ. കഴുകും മുന്‍പ് സോപ്പ് വെള്ളത്തിലോ അണുനാശിനിയിലോ കുറഞ്ഞത് ഒരു മണിക്കൂര്‍ ഇട്ടുവെക്കുകയും വേണം. നാലുമണിക്കൂര്‍ കൂടുമ്ബോള്‍ മുഖാവരണം മാറ്റണം. നാലഞ്ച് മുഖാവരണംവരെ ഒരാളുടെ കൈയിലുണ്ടാകുകയും വേണമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *