
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ച പ്രധാന അദ്ധ്യാപകയെ സ്ഥലം മാറ്റിയ നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കോട്ടണ്‍ ഹില്‍സ് സ്‌കൂളിലെ പ്രധാനാധ്യാപികയെയായിരുന്നു വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റിയത്. സ്ഥലംമാറ്റല്‍ തീരുമാനം റദ്ദാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെത്തുടര്‍ന്നു സഭ ഇന്നത്തേക്കു പിരിഞ്ഞു.
അധ്യാപിക വിദ്യാഭ്യാസ മന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചെന്നു വിദ്യാഭ്യാസ മന്ത്രി ആരോപിച്ചു.
അധ്യാപികയെ സ്ഥലംമാറ്റിയതു ക്രമപ്രകാരമാണെന്നു സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വിശദീകരണം നല്‍കി. അധ്യാപികയെ സര്‍വീസില്‍ നിന്നു പിരിച്ചുവായാനായിരുന്നു തീരുമാനം എന്നും എന്നാല്‍ അവരുടെ പ്രായം പരിഗണിച്ച് സ്ഥലം മാറ്റുക മാത്രമേ ചെയ്തുള്ളുവെന്നും മന്ത്രി പറഞ്ഞു.

ഇംഗ്ലിഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന് രണ്ടു മണിക്കൂറോളം വിദ്യാഭ്യാസ മന്ത്രി വൈകിയെത്തിയിരുന്നു. മന്ത്രിമാര്‍ സമയനിഷ്ഠ പാലിക്കാത്തതിനെക്കുറിച്ച് അധ്യാപിക തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചതും അധ്യാപികയെ സ്ഥലം മാറ്റിയതും.
