ഉത്തരാഖണ്ഡിൽ സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി സംഘർഷം

ഉത്തരാഖണ്ഡിൽ സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി സംഘർഷം. മരണസംഖ്യ 4 ആയി. 250 പേർക്ക് പരുക്ക്. സംഘർഷം ഉണ്ടായത് ഹല്‍ദ്വാനിയില്‍.പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി. ബന്‍ഭുല്‍പുര പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങള്‍ക്കും ട്രാന്‍സ് ഫോമറിനും തീയിട്ടു.അതേസമയം, സംഭവസ്ഥലത്ത് ജില്ലാ മജിസ്ട്രേറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ആക്രമണം നടത്തുന്നവരെ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടപടി നടക്കുകയാണ്. കൈയേറിയ മൂന്ന് ഏക്കര്‍ തിരിച്ചുപിടിച്ചതായും മദ്രസ കെട്ടിടം പൂട്ടി സീല്‍ ചെയ്തിരുന്നതായും മുനിസിപല്‍ കമീഷണര്‍ പങ്കജ് ഉപാധ്യായ പറഞ്ഞു.ഈ മാസം ഒന്നിന് മുമ്പ് ഒഴിയണമെന്ന് നോട്ടീസ് നല്‍കിയിരുന്നു. പൊളിക്കല്‍ ഒഴിവാക്കണമെന്ന് മത, രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. പ്രദേശവാസികള്‍ നിസ്‌കാരത്തിനുകൂടി ഉപയോഗിച്ചിരുന്ന കെട്ടിടം ഇന്നലെ ബുള്‍ഡോസറുമായെത്തി തകര്‍ക്കുകയായിരുന്നു. ബുള്‍ഡോസറിന് പ്രതിഷേധക്കാര്‍ തീയിട്ടു.

പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കല്ലേറുമുണ്ടായി. നിരവധി പേര്‍ക്ക് പരുക്കേറ്റു.ആളുകളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സമാധാനം പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഹല്‍ദ്വാനിയില്‍ റെയില്‍വേ ഭൂമിയിലെ നാലായിരത്തോളം വീടുകള്‍ പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി ഉത്തരവും പ്രതിഷേധത്തിന് കാരണമായിരുന്നു. ഉത്തരവ് പിന്നീട് സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *