കോയമ്പത്തൂര്‍ സ്‌ഫോടനം:അന്വേഷണവുമായി എന്‍ഐഎ സംഘം കേരളത്തിലേക്കും

കോയമ്പത്തൂര്‍ സ്‌ഫോടന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കേരളത്തിലുമെത്തും. ജമേഷ മുബിനുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ തേടിയാണ് എന്‍ഐഎ സംഘമെത്തുക. വിയ്യൂര്‍ ജയിലിലുള്ള അസ്ഹറുദ്ദീന്‍ എന്ന പ്രതിയെ വിയ്യൂര്‍ ജയിലിലെത്തി ജമേഷ കണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജയിലിലെ സന്ദര്‍ശക വിവരങ്ങള്‍ ഏജന്‍സി ശേഖരിച്ചു. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് അസ്ഹറുദ്ദീന്‍ ജയിലിലുള്ളത്.

ശ്രീലങ്കന്‍ സ്‌ഫോടന കേസ് പ്രതി സഹ്‌റാന്‍ ഹാഷിമുമായി ജമേഷ മുബീന് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍.

ഞായറാഴ്ച പുലര്‍ച്ചെ കാറിലുണ്ടായ സ്‌ഫോടനത്തില്‍ ഉക്കടം സ്വദേശി ജമീസ മുദീന്‍ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷയ്ക്കായി ദ്രുത കര്‍മ സേനയേയും നിയോഗിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോ എന്നകാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ജമീഷ മുബീന്‍ ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, സള്‍ഫര്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. സ്‌ഫോടനത്തില്‍ തകര്‍ന്ന കാറില്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ആണികളും മാര്‍ബിള്‍ കഷണങ്ങളും കണ്ടെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *