യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ച് അന്വേഷണ സംഘം.

വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ച് അന്വേഷണ സംഘം. കേസില്‍ കുറ്റകൃത്യത്തിലെ ഇരയായാണ് മുഖ്യമന്ത്രിയുടെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ മൊഴിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

പിണറായി വിജയന്റെ ആരോഗ്യാവസ്ഥ മോശമാണെന്ന സൂചനയെ തുടര്‍ന്ന് ഉടന്‍ മൊഴിയെടുത്തേക്കില്ല. മൊഴി രേഖപ്പെടുത്തുന്നതിനായി അദ്ദേഹത്തിന്റെ സാവകാശം തേടാനാണ് സംഘത്തിന്റെ തീരുമാനം. പ്രതിഷേധം നടന്ന സമയത്ത് മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ഗണ്‍മാന്‍ എസ്. അനില്‍കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ സാക്ഷിയായി ഉള്‍പ്പെടുത്തും.

വിമാനത്തിലുള്ള മറ്റ് യാത്രക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ അനുകൂല മൊഴി നല്‍കുന്നവരെ മാത്രമേ സാക്ഷിയാക്കി ഉള്‍പ്പെടുത്തുന്നൂള്ളൂവെന്നും ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് പൊലീസ് ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിരുന്നു. എസ്ഐയെ കൊല്ലാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തില്ല. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി പുറത്തിറങ്ങിയതിന് ശേഷമാണ് നടന്നത്. സിപിഎം നേതാക്കള്‍ നിലപാട് മാറ്റി മാറ്റി പറയുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തതവന്നിരിക്കുകയാണ്. സംഭവം വധശ്രമമാക്കി മാറ്റിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഭരണകക്ഷിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കലാപം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഷയത്തില്‍ വ്യക്തത വരുത്തുകയല്ല മറിച്ച് മലക്കം മറിയുകയാണ് ചെയ്തതെന്നും സതീശന്‍ പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *