തിരുവനന്തപുരം: എ കെ ആന്റണിയുടെ ഇറങ്ങിപ്പോക്ക് ആവര്‍ത്തിക്കേണ്ട ഗതികേടിലാകുമോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെന്ന് കാത്തിരുന്ന് കാണാം. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംപൂജ്യരായത്ര ഗതികേടിലേക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ഫലം എത്തില്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലം ഗുരുതരമായി ബാധിക്കുക മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തന്നെയാകും. തെരഞ്ഞെടുപ്പ് ഫലം എന്തായാലും താനായിരിക്കും ഉത്തരവാദിയെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ സ്വയം കുരിശെടുത്തത് മുന്‍കൂര്‍ ജാമ്യമായി മാത്രം കാണാനാകില്ല. അനഭിമതരായ പാര്‍ട്ടി മുഖ്യമന്ത്രിമാരെ കാരുണ്യം ലവലേശം കൂടാതെ മാറ്റുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കുമുള്ളത്. അശോക് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉദാഹരണം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് കനത്ത തിരിച്ചടിയായത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്ന് കോണ്‍ഗ്രസിലും യു ഡി എഫിലും ചര്‍ച്ച മുറുകുന്നു. സോളാര്‍-സരിത കേസ്, ജോപ്പന്‍-ജിക്കുമോന്‍-സലിംരാജ് പുറത്താക്കല്‍, മുന്‍ ഗണ്‍മാന്‍ സലിം രാജിന്റെ ഭൂമി തട്ടിപ്പ്, തുടര്‍ന്ന് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഉണ്ടായ ഹൈക്കോടതി പരാമര്‍ശം, ആറന്മുള വിമാനത്താവള വിവാദം തുടങ്ങി മുഖ്യമന്ത്രിയെ മാത്രം പ്രതിക്കൂട്ടിലാക്കുന്ന ഒരുഡസനോളം ഗുരുതരമായ ആരോപണങ്ങളും ക്രമക്കേടുകളുമാണ് യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെയും അനായാസ വിജയത്തെയും ബാധിച്ചത്.
എല്‍ ഡി എഫിലെ അനൈക്യവും സി പി എം-സി പി ഐ ഉള്‍പ്പെടെയുള്ളവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതകളും ആര്‍ എസ് പി യുടെ മറുകണ്ടം ചാടലും ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളമുണ്ടായ സി പി എം വിരുദ്ധ തരംഗവും മുതലാക്കാന്‍ യു ഡി എഫിന് കഴിയാതിരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും കേന്ദ്രീകരിച്ചുണ്ടായ വിവാദങ്ങള്‍ മൂലമാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സിറ്റിംഗ് എം പിയായ പി ടി തോമസിന് ഇടുക്കിയില്‍ മത്സരിക്കാന്‍ കഴിയാതിരുന്നതിന്റെ ഉത്തരവാദിത്വം പോലും എ ഗ്രൂപ്പ് ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ വച്ചുകെട്ടി. വിശ്വസ്തനായ പി ടി തോമസിനെ സംരക്ഷിക്കാന്‍ കഴിയാതിരുന്നത് പാളയത്തില്‍ പടയെന്ന പോലെ ഉമ്മന്‍ ചാണ്ടിയെ പ്രതിസന്ധിയിലാക്കിയരുന്നു.
വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റാകുന്നതിനെ ശക്തമായി എതിര്‍ത്തത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന ആരോപണത്തെ ഫലപ്രദമായി നേരിടാന്‍ പോലും കഴിയാതെ ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അന്ത്യശാസനത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. കേരളത്തിലെ പാര്‍ട്ടിയെ ഐയും എയുമായി തിരിച്ച് ഭരണം ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി രമേശ് ചെന്നിത്തലയും വീതം വച്ചിരിക്കുകയാണെന്ന് കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ വി എം സുധീരന്‍ അടക്കമുള്ളവര്‍ക്ക് കഴിഞ്ഞതാണ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെത്തിച്ച് വി എം സുധീരനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ കാരണം. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അനഭിമതനായ വി ഡി സതീശനെ കെ പി സി സിയുടെ പവര്‍ഫുള്‍ വൈസ്പ്രസിഡന്റാക്കി വി എം സുധീരന്റെ വലംകൈയായി സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും നിയമിച്ചതും തിരിച്ചടിയായിത് ഉമ്മന്‍ ചാണ്ടിക്കാണ്.
വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് സര്‍ക്കാരില്‍ പാര്‍ട്ടിക്കും കെ പി സി സി നേതൃത്വത്തിനും യാതൊരു ബന്ധവുമില്ലാതെയായിരുന്നു. സുധീരന്‍ ധീരമായി തന്നെ ഭരണത്തില്‍ ഇടപെടാന്‍ തുടങ്ങിയതിന് ഫലമാണ് ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ പിന്നോട്ടടിക്കല്‍, നിലവാരമില്ലാത്ത ബാറുകളുടെ അടച്ചുപൂട്ടല്‍ തുടങ്ങിയവ. നടപടിയൊന്നുമുണ്ടാകുന്നില്ലെങ്കിലും നാലുവര്‍ത്തമാനം പറയാനെങ്കിലും സുധീരന് കഴിയുന്നുണ്ട്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ താളംതെറ്റിയ സാമുദായിസന്തുലനം നേരെയാക്കാനും ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേര തന്നെ കുരുതി കൊടുക്കേണ്ടിവരും. കാരണം ഈ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടതുപക്ഷം പ്രത്യേകിച്ച് സി പി എമ്മും യാതൊരു മനസാക്ഷിയുമില്ലാതെ സാമുദായിസന്തുലനം നടപ്പിലാക്കാന്‍ കച്ചകെട്ടിയിറങ്ങിയതിനാല്‍ ഉമ്മന്‍ ചാണ്ടിക്ക് രാജിവെച്ച് നല്ലൊരു നായരെ അതായത് രമേശ് ചെന്നിത്തലയെ ഒന്നര വര്‍ഷത്തേയ്‌ക്കെങ്കിലും മുഖ്യമന്ത്രിയാക്കേണ്ടിവരും
FLASHNEWS