മമത ബാനര്‍ജിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ ബംഗാള്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് ബംഗാള്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കൗസ്താവ് ബാഗ്ചി അറസ്റ്റില്‍.ഒരു സ്വകാര്യ ടെലിവിഷന്‍ ടോക്ക് ഷോയിലാണ് കൗസ്താവ് വിവാദ പരാമര്‍ശം നടത്തിയത്.

കൊല്‍ക്കത്തയിലെ ബര്‍ട്ടോല്ല പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാഗ്ചിയെ അറസ്റ്റ് ചെയ്തത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുര്‍ട്ടോല്ല പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെ നേതാവിന്‍റെ ബരാക്‌പൂരിലെ വസതിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷം ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കോണ്‍ഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തത്.സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ), 153 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കല്‍)തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ബാഗ്ചിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

‘അവസാനം എന്നെ അറസ്റ്റ് ചെയ്തു’ സംഭവത്തെക്കുറിച്ച്‌ ബാഗ്ചി ഫേസ്ബുക്കില്‍ കുറിച്ചു. ബാഗ്ചിയുടെ പോസ്റ്റിനു പിന്നാലെ നേതാവിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബര്‍ട്ടോല്ല പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധം തുടങ്ങി.

“അര്‍ദ്ധരാത്രിയില്‍ കൗസ്താവ് ബാഗ്ചിയെ അറസ്റ്റ് ചെയ്ത കൊല്‍ക്കത്ത പൊലീസിന്‍റെ നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു.ആരുടെയും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ മമത സര്‍ക്കാരിന് കഴിയില്ല.കൗസ്താവ് ബാഗ്ചിയെ സര്‍ക്കാര്‍ ഉടന്‍ മോചിപ്പിക്കണം” സംസ്ഥാന കോണ്‍ഗ്രസ് വക്താവ് സുമന്‍ റോയ് ചൗധരി ഇന്ത്യ ടുഡേയോട് പറഞ്ഞു. ”

Spread the love

Leave a Reply

Your email address will not be published. Required fields are marked *