മദ്യനയ കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി


മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എ.എ.പി നേതാവുമായിരുന്ന ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച്‌ ആറുവരെ നീട്ടി.സി.ബി.ഐ മൂന്നു ദിവസത്തേക്ക് കൂടി സിസോദിയയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി രണ്ടുദിവസം മാത്രമാണ് നീട്ടി നല്‍കിയത്. സിസോദിയയുടെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാര്‍ച്ച്‌ 10ലേക്ക് മാറ്റിയിരുന്നു.


അതിനിടെ ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സിസോദിയയെ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ സി.ബി.ഐ ഹാജരാക്കിയത്. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാനായി ഒരു കാരണവുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ പറഞ്ഞു.


കേസില്‍ സി.ബി.ഐക്ക് പുതുതായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സി.ബി.ഐയുടെ കാര്യക്ഷമതയില്ലായ്മ കസ്റ്റഡി നീട്ടാന്‍ കാരണമാകില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. അറസ്റ്റ് ചെയ്യുമ്ബോള്‍ കാണാതായ രേഖകള്‍ കണ്ടെത്താനാണ് റിമാന്റ് കാലാവധി നീട്ടിയതെന്നും വാദിക്കാനാകില്ല. ഭാര്യയുടെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്നും കോടതി ഇക്കാര്യം പരിഗണിക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഞായറാഴ്ചയാണ് മദ്യ നയ അഴിമതിക്കേസില്‍ 51കാരനായ സിസോദിയയെ അറസ്റ്റ് ചെയ്തത്. അതിനു ശേഷം അഞ്ചുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.



Sharing is Caring