ആരാധകരെ ആവേശം കൊള്ളിക്കാൻ ‘ആവേശം’ പെരുന്നാള്‍- വിഷു റിലീസായി ഏപ്രില്‍ 11ന് തിയേറ്റുകളിലെത്തും. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഫഹദ് ഫാസിലിന്‍റെ രങ്കന്‍ ആണ് പോസ്റ്ററില്‍. 2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആവേശം’.
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്. കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം രോമാഞ്ചം സിനിമ പോലെ തന്നെ റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ & എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.