
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിൽ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ സൂര്യ കിരണ്‍ അന്തരിച്ചു. 48 വയസായിരുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.1978-ൽ സ്‌നേഹിക്കാൻ ഒരു പെണ്ണ് എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്. ഇരുന്നൂറോളം ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
2003ല്‍ സത്യം എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നത്. ചാപ്റ്റര്‍ 6, ധന 51, ബ്രഹ്‌മാസ്ത്രം, രാജു ഭായി തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. നടി കാവേരിയുടെ ഭര്‍ത്താവായിരുന്നു. ഇവരുടെ വിവാഹമോചനത്തിന് ശേഷം പൊതുവേദികളില്‍ നിന്നും സൂര്യകിരണ്‍ അപ്രത്യക്ഷനായിരുന്നു.ബിഗ് ബോസ് തെലുങ്ക് സീസൺ 4ൽ മത്സരാർത്ഥിയായിരുന്നു. വരലക്ഷ്മി ശരത്കുമാർ പ്രധാനവേഷത്തിലെത്തുന്ന ‘അരസി’ ആണ് ഏറ്റവും പുതിയ ചിത്രം. ചിത്രം റിലീസിന് ഒരുങ്ങുമ്പോഴാണ് സംവിധായകന്റെ വിയോഗം. നടി സുചിത സഹോദരിയാണ്.

