കൊല്ലം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ വീടിന് നേരെ ആക്രമണം. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീടിന് നേരെയുണ്ടായ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വീടിന്റെ ചുമരില്‍ പോസ്‌റററുകള്‍ പതിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ‘അഴിമതിയില്‍ കുളിച്ച് നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ഓശാന പാടുന്ന എന്‍.കെ പ്രേമചന്ദ്രാ നിനക്ക് ചരിത്രം മാപ്പുതരില്ല’, ‘ഞങ്ങളെ വഞ്ചിച്ച പ്രേമചന്ദ്രാ നിനക്ക് മാപ്പില്ല’, എന്നീ വാചകങ്ങള്‍ എഴുതിയ പോസ്‌റററുകളാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ പത്രമിടാനെത്തിയ ആളാണ് വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നതു കണ്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ലോക്‌സഭാ സമ്മേളനത്തിനായി ഡല്‍ഹിയില്‍ പോയതിനാള്‍ എന്‍ കെ പ്രേമചന്ദ്രനും ഭാര്യയും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. രാഷ്ട്രീയപകപോക്കലാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.