മണിപ്പൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി സംഘര്‍ഷാവസ്ഥ തുടരുന്നു. കര്‍ഷകര്‍ക്കു നേരെയുള്ള വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചു.ഏഴു പേര്‍ക്ക് പരിക്കേറ്റു. നെല്‍പാടത്ത് പണിക്കെത്തിയവര്‍ക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്. അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെയായിരുന്നു അക്രമം.
സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ വിവിധയിടങ്ങളില്‍ പണിക്കിറങ്ങിയത്. എന്നാല്‍ അക്രമികളുടെ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിവിധയിടങ്ങളില്‍ നിന്നായി നാല് പേരെ അറസ്റ്റ് ചെയ്തെന്നാണ് സൂചന. മണിപ്പൂരില്‍ കുക്കി മേഖലകള്‍ക്ക് പ്രത്യേക ഭരണം എന്നാവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു.

ഹില്‍ കൗണ്‍സിലുകള്‍ക്ക് സ്വയംഭരണം നല്‍കാമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. എന്നാല്‍ ഇതിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഇംഫാലിന് സമീപം അഞ്ച് വീടുകള്‍ക്ക് തീയിട്ടിരുന്നു. മണിപ്പൂരിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്യുന്ന യതൊരു നീക്കത്തിനും സാധ്യമല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മലയോര കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കാമെന്നും പ്രത്യേക ഭരണകൂടം എന്ന കുക്കി സംഘടനകളുടെ ആവശ്യത്തെ അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.
മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും മലയോര കൗണ്‍സിലുകളുടെ സ്വയംഭരണാവകാശ അധികാരം വിപുലീകരിക്കാൻ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചെന്നും മുഖ്യമന്ത്രി ബീരേൻ സിങ് പ്രതികരിച്ചു.













