അമൽ കൃഷ്ണയും കുടുംബവും നാളെ നന്മയിലേക്ക്…..

കോഴിക്കോട്: നെടുകെ വെട്ടിപ്പൊളിഞ്ഞ മേൽക്കൂരയില്ലാത്ത പാതി മുറിയിലായിരുന്നു ഏഴു വയസ്സുകാരൻ അമൽ കൃഷ്ണയുടെ താമസം. ഇരിപ്പും, പഠിപ്പും, കിടപ്പും, ഭക്ഷണം പാകം ചെയ്യലും, അലക്കലും അലങ്കോലപ്പെട്ടുകിടക്കുന്ന, ആകാശം കാണുന്ന പാതി മുറിയിൽ മനോനില തെറ്റി പരസ്പരബന്ധമില്ലാതെ, ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന രോഗിയായ അമ്മ. അപസ്മാരവും ഹൃദ്രോഗവും ഉയരത്തിൽ നിന്നുള്ള വീഴ്ച്ചയിൽ തളർന്ന് ഒരു പണിക്കും പോകാൻ നിവൃത്തിയില്ലാത്ത നിസ്സഹായനായ അച്ഛൻ. ഈ ദുരന്തങ്ങൾക്കിടയിൽ പഠിത്തത്തിൽ മിടുക്കനായ അമൽ കൃഷ്ണയുടെ ജീവിതം താളം തെറ്റി നിന്നു.

നടക്കാവ് ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായ മോഡൽ എൽ.പി.സ്ക്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അമൽ കൃഷ്ണ.ഈ സാഹചര്യത്തിലാണ് നാട്ടുകാരും, സഹപാഠികളും ,അധ്യാപകരും ,രക്ഷിതാക്കളും ഈ നിർധന കുടുംബത്തിന് സഹായഹസ്തവുമായി മുന്നോട്ട് വന്നത്.അങ്ങനെയാണ്, നടക്കാവ് സ്വദേശിയും പൊതു പ്രവർത്തകനു, മുതിർന്ന പത്രപ്രവർത്തകനുമായ കെ.പി.വിജയകുമാർ ചെയർമാനും, സ്കൂൾ അധ്യാപകൻ ബാബു തത്തക്കാടൻ ജനറൽ കൺവീനറും പ്രിൻസിപ്പാൾ ടി.സി.റോസ് മേരി ട്രഷററുമായ അമൽ കൃഷ്ണ ഭവന നിർമ്മാണ കമ്മറ്റി രൂപികരിച്ചത്.ഈ ഒരു സംരംഭത്തിന് ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ സഹായ സഹകരണങ്ങൾ ലഭിച്ചു.

ഇതിനിടയിൽ സ്കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വന്നപ്പോൾ വേദിയിൽ വച്ച് തന്നെ 3 ലക്ഷം രൂപ സഹായധനമായി പ്രഖ്യാപിച്ചു. പക്ഷേ സാങ്കേതിക പ്രശ്നങ്ങളാൽ സർക്കാർ ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല.എന്നാൽ താൻ പ്രഖ്യാപിച്ച 3 ലക്ഷം രൂപ ലഭിക്കാത്തതിനാൽ സ്വന്തം നിലയ്ക്ക് 3 ലക്ഷം രൂപ സംഘടിപ്പിച്ച് കമ്മറ്റിക്ക് നൽകിയിരിക്കുകയാണ് ഉമ്മൻ ചാണ്ടി. കുണ്ടൂപ്പറമ്പ് ഗവ.ഹയർ സെക്കന്ററി സ്കൂളിന് കിഴക്ക് വശം കക്കുഴിപ്പടി പറമ്പിൽ കഴിഞ്ഞ വർഷം ഒക്ടോബർ 16 ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനാണ് വീടിന്റെ തറക്കല്ലിട്ടത്. രണ്ട് നിലകളിലായി നാല് കടപ്പുമുറികളുള്ളതാണ് നന്മ എന്ന ഈ വീട്. താഴെ നില അമലിന്റെ കുടുംബത്തിന് താമസിക്കാനും മുകളിലെ ത്തെ നിലവാടകയ്ക്ക് കൊടുത്ത് ഈ കുടുംബത്തിന് നിത്യവ്യത്തി കഴിയാനും വേണ്ടിയാണ്.

നാളെ രാവിലെ 10 മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി താക്കോൽദാനം നിർവ്വഹിക്കുന്ന ചടങ്ങിൽ എ.പ്രദീപ് കുമാർ എം. എൽ .എ മുഖ്യാതിഥിയായിരിക്കും.ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക-സാംസ്കാരിനോതാക്കൾ, വിദ്യാഭ്യാസ അധികൃതർ തുടങ്ങിയവർ നന്മയുടെ ഭാഗമായ ഈ ചടങ്ങിന് നന്മയിൽ ഉണ്ടാവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *