ആറുമാസത്തെ ദൗത്യം പൂര്‍ത്തിയാക്കി അല്‍നിയാദി ഭൂമിയില്‍ തിരിച്ചെത്തി


ദുബൈ: യു.എ.ഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താൻ അല്‍നിയാദി ഭൂമിയില്‍ തിരിച്ചെത്തി. തിങ്കളാഴ്ച യു.എ.ഇ സമയം രാവിലെ 8.17ന് ഫ്ലോറിഡ ജാക്‌സണ്‍വില്ലെ തീരത്ത് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് സുരക്ഷിതമായി മടങ്ങിയെത്തിയത്.186 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് അല്‍ നിയാദി ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മടക്കം. ഭൂമിയിലേക്ക് മടങ്ങുന്ന കാഴ്ച ഏവര്‍ക്കും തത്സമയം കാണാനുള്ള സൗകര്യം ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എം.ബി.ആര്‍.എസ്.സി) ഒരുക്കിയിരുന്നു.


അല്‍ നിയാദിക്കൊപ്പം നാസ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ആന്ദ്രേ എന്നിവരുമുണ്ടായിരുന്നു. ദീര്‍ഘകാല ഗവേഷണങ്ങള്‍ക്കായി മാര്‍ച്ച്‌ മൂന്നിനാണ് നിയാദിയും സംഘവും ബഹിരകാശത്തേക്ക് പുറപ്പെട്ടത്. ഇതിനകം 200ലധികം പരീക്ഷണങ്ങള്‍ സംഘം പൂര്‍ത്തിയാക്കി.


ബഹിരാകാശ പര്യവേക്ഷണത്തില്‍ വൻ മുന്നേറ്റം കൈവരിച്ചതിന് മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നതായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം പറഞ്ഞു. യു.എ.ഇയിലെ ജനങ്ങള്‍ വളരെയധികം അഭിമാനിക്കുന്നു. നിങ്ങള്‍ ഒരു രാജ്യത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.



Sharing is Caring