സിദ്ധാർഥന്റെ മരണത്തിലെ പ്രധാന പ്രതി അഖിൽ കസ്റ്റഡിയിൽ

പൂക്കോട് ഗവ. വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിലെ പ്രധാന പ്രതി അഖിൽ കസ്റ്റഡിയിൽ. പാലക്കാട് നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും പോലീസ്. ഒന്നാം വർഷ വിദ്യാർഥിയാണ് അഖിൽ കെ. ഈ മാസം 18 നാണ് സിദ്ധാർഥൻ മരിച്ചത്. പിന്നാലെ 23ന് കേസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പ്രതികളും ഒളിവിൽ പോവുകയായിരുന്നു.

16നും 17നും കോളേജിൽ നടന്ന സ്പോർട്‌സ് ഡേയ്ക്ക് പിന്നാലെയാണ് കോളേജിൽ ആക്രമണങ്ങൾ നടക്കുന്നത്. 16ന് രാത്രിയിലാണ് മർദനവും അക്രമവും തുടങ്ങിയതെന്നാണ് നേരത്തെ അറസ്റ്റിലായവർ പൊലീസിനോടു പറഞ്ഞത്. 17ന് സിദ്ധാർഥൻ മാനസികമായി തളർന്ന നിലയിലായതുകൊണ്ട് കാവലിരുന്നെന്നും പറഞ്ഞിരുന്നു. 18ന് പ്രശ്നമൊന്നുമില്ലെന്നു കണ്ടതോടെ പിന്നീട് അത്ര കാര്യമാക്കിയില്ല. കുളിക്കാൻ പോവുകയാണെന്നു പറഞ്ഞ് ബാത്ത് റൂമിൽ കയറിയ സിദ്ധാർഥനെ ഉച്ചയോടെ മരിച്ച നിലയിൽ കാണുകയായിരുന്നു.സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു.

സിദ്ധാർഥനെ മർദിച്ച സംഭവം പുറത്തുപറഞ്ഞാൽ തലയുണ്ടാവില്ലെന്ന് ഹോസ്റ്റൽ മുറിയിൽ കയറി സംഘത്തിലുണ്ടായിരുന്നയാൾ ഭീഷണിപ്പെടുത്തിയെന്ന് ആണ് വിദ്യാർഥികൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട സിൻജോ ജോൺസനാണ് ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. അതുകൊണ്ടാണ് കുട്ടികളാരും ഇതുസംബന്ധിച്ച വിവരം പുറത്തുപറയാതിരുന്നത്. മർദനവിവരം പുറത്തറിയിച്ച ഇതരസംസ്ഥാനക്കാരായ വിദ്യാർഥികൾ ആക്രമിക്കപ്പെടുമെന്നു ഭയന്ന് അവധിയിൽ പോയിരിക്കുകയാണ്.ക്യാമ്പസിൽ സിദ്ധാർത്ഥൻ നേരിട്ടത് മൃഗീയമായ വിചാരണയാണ്. ഈ ക്രൂരത വിദ്യാർത്ഥിക്കൂട്ടം കണ്ടു നിൽക്കുകയായിരുന്നു. ഒരാൾ പോലും സിദ്ധാർത്ഥൻ്റെ രക്ഷയ്ക്ക് വന്നില്ല.

130 കുട്ടികളുള്ള ഹോസ്റ്റലിലാണ് സിദ്ധാർത്ഥൻ പരസ്യ വിചാരണ നേരിടേണ്ടി വന്നത്. വിദ്യാർത്ഥികൾക്കിടയിൽ വെച്ച് സിദ്ധാർത്ഥൻ ക്രൂരത നേരിടുമ്പോഴും അടുത്ത സുഹൃത്തുക്കൾ പോലും സഹായിച്ചില്ല. ഇത് സിദ്ധാർത്ഥിനെ മാനസികമായി തളർത്തിയെന്ന് പൊലീസ് പറയുന്നു.
എന്നാൽ ആരും പ്രതികരിക്കാതെ ഇരിക്കുന്നതാണ് വെറ്റിനറി കോളേജിലെ അലിഖിത നിയമമെന്നാണ് പുറത്തുവരുന്നത്. കോളേജ് ഹോസ്റ്റലിൽ അടിപിടികൾ ഇടയ്ക്കുണ്ടാകുമ്പോഴും ഒന്നും പുറത്തുപോകരുതെന്നാണത്രേ അലിഖിത നിയമം. ഹോസ്റ്റലിലെ അടി അവിടെ തീരണമെന്നാണത്രെ തിട്ടൂരം. സിദ്ധാർത്ഥൻ്റെ ജീവനെടുക്കാനും വഴിയൊരുക്കിയത് ഇതു തന്നെയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *