സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് യുഎസില്‍ വ്യോമഗതാഗതം സ്തംഭിച്ചു

ന്യൂയോര്‍ക്ക്: സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് യുഎസില്‍ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി. യുഎസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്റെ (എഫ്‌എഎ) എയര്‍ മിഷന്‍ സിസ്റ്റത്തിലാണ് (എന്‍ഒടിഎഎം) തകരാര്‍ കണ്ടെത്തിയത്. ആകെ 5400 വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് അവേര്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമഗതാഗതം പഴയതുപോലെ എപ്പോള്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. എങ്കിലും സാങ്കേതിക തകരാര്‍ പരിഹരിച്ചു തുടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി.

പൈലറ്റുമാര്‍ക്ക് വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കുന്ന സംവിധാനത്തിലാണ് തകരാര്‍ സംഭവിച്ചത്. അമേരിക്കയിലെ മുഴുവന്‍ വിമാനങ്ങളുടെയും സര്‍വീസിനെ പ്രതികൂലമായി ബാധിച്ചിരുന്നു. പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന സംവിധാനമായ നോട്ടാംസിന്റെ അപ്‌ഡേറ്റിനെ ബാധിക്കുന്ന വിധമാണ് സാങ്കേതിക തടസ്സം നേരിട്ടതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ അറിയിച്ചു.

സാങ്കേതിക തകരാര്‍ മൂലം ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. യുഎസിലെങ്ങും യാത്രക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഹവായ് മുതല്‍ വാഷിങ്ടന്‍ വരെ യുഎസിലെ എല്ലാ സ്ഥലങ്ങളില്‍നിന്നും വിമാനങ്ങള്‍ വൈകുന്നതിനെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്തരമൊരു അവസ്ഥയെക്കുറിച്ച്‌ കേട്ടിട്ടില്ലെന്നും വ്യോമയാന മേഖലയിലെ വിദഗ്ധന്‍ പര്‍വേസ് ഡാമനിയ പ്രതികരിച്ചു. നിരവധി പേര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. തകരാര്‍ കണ്ടെത്തിയതിനുപിന്നാലെയാണ് വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *