കേന്ദ്രത്തിൻ്റെ ഭാരത് അരി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് മന്ത്രി ജി ആർ അനിൽ.
കേരളത്തിലെ ജനങ്ങൾക്ക് ഉച്ചഭക്ഷണത്തിന് വേണ്ടിയുള്ള അരിയാണ് ശബരി കെ റൈസ്.
അരിവിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. സപ്ലൈകോ തിരിച്ച് വരവിലേക്കാണ്.സബ്സിഡി സാധനങ്ങൾ പലതും ഔട്ട്‌ലെറ്റുകളിൽ എത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ മുഴുവൻ സാധനങ്ങളും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതലാണ് ആരംഭിക്കുന്നത് . വിൽപ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. ജയ, കുറുവ, മട്ട അരി സപ്ലൈകോ വഴി വിതരണം ചെയ്യും. 40 രൂപ നിരക്കിൽ വാങ്ങി സബ്സിഡിയോടെയാണ് വിൽപന.തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെ റൈസ് വിൽപ്പന സർക്കാർ വേഗത്തിലാക്കിയത്.ശബരി കെ റൈസ് –ജയ (29 രൂപ), കുറുവ (30), മട്ട (30) എന്നിങ്ങനെയാണു വില. ഭാരത് അരിക്ക് സമാനമായി പ്രത്യേകം രൂപകൽപന ചെയ്‌ത സഞ്ചിയിലായിരിക്കും അരി വിതരണം ചെയ്യുക.
പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക.ഒരു റേഷൻ കാർഡിന് ഇതിൽ ഏതെങ്കിലും ഒരു ഇനം അരി പ്രതിമാസം 5 കിലോഗ്രാം നൽകാനാണു നിർദേശം.
ഈ മാസം ലഭിച്ച ജയ, കറുവ, മട്ട എന്നിവയുടെ 50 കിലോഗ്രാം അരി ചാക്കുകൾ കെ റൈസായി മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്.ഒരു കാർഡിന് ലഭിക്കുക 5 കിലോ അരിയാണ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്സിഐ) നിന്ന് ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം വഴി വില കുറച്ചു ലഭിക്കുന്ന അരിയാണ് കേന്ദ്ര സർക്കാരിന്റെ ഏജൻസികളും കേന്ദ്ര സഹകരണ സംഘങ്ങളും വഴി കിലോയ്ക്ക് ‘ഭാരത് അരി’ ആയി നൽകുന്നത്.ഇതിന് റേഷൻ കാർഡ് ആവശ്യമില്ല.