വയനാട് മണ്ഡലം മാറുന്നുവെന്ന സൂചന രാഹുല്‍ ഗാന്ധി ഇതുവരെ നല്‍കിയിട്ടില്ലെന്ന് എഐസിസി

വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി എഐസിസി. മണ്ഡലം മാറുന്നുവെന്ന സൂചന രാഹുല്‍ ഗാന്ധി ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് എഐസിസി നേതൃത്വത്തില്‍ നിന്ന് ലഭിച്ച വിവരം.വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് കാക്കുകയാണെന്നും എഐസിസി നേതാക്കള്‍ അറിയിച്ചു.

വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമെന്ന റിപ്പോര്‍ട്ടുകളോടാണ് പ്രതികരണം. രാഹുല്‍ ഗാന്ധി ഇക്കുറി കര്‍ണ്ണാടകയില്‍ നിന്നോ തെലങ്കാനയില്‍ നിന്നോ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.അമേഠിയില്‍ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് 2019 ല്‍ രണ്ട് സീറ്റുകളില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചത്.

അമേഠിയില്‍ സ്മൃതി ഇറാനിയോട് തോറ്റപ്പോള്‍ വയനാട്ടില്‍ 4,31,770 എന്ന മൃഗീയ ഭൂരിപക്ഷത്തിന് അദ്ദേഹം ജയിച്ചു.സിപിഐയിലെ പിപി സുനീറായിരുന്നു എതിരാളി. കഴിഞ്ഞ തവണ തന്നെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സിപിഐയും ഇടതുമുന്നണിയും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബിജെപിക്കെതിരെ പൊരുതാനാണ് രാഹുല്‍ ഗാന്ധി തയ്യാറാകേണ്ടതെന്നായിരുന്നു പ്രധാന വിമര്‍ശനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *