തിരുവനന്തപുരം: തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക റോബോട്ടിക് സര്‍ജറി യൂണിറ്റ് സജ്ജമായി. റോബോട്ടിക് സര്‍ജറി യൂണിറ്റിന്റേയും കിംസ്ഹെല്‍ത്ത് സെന്റര്‍ ഫോര്‍ റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റിന്റേയും ഉദ്ഘാടനം ഡോ. ശശി തരൂര്‍ എം.പി നിര്‍വഹിച്ചു.
സര്‍ജിക്കല്‍ പ്രൊസീജിയറുകളില്‍ സമാനതകളില്ലാത്ത കൃത്യതയും സുരക്ഷിതത്വവും കൊണ്ടുവരുന്ന റോബോട്ടിക് സര്‍ജറി സാങ്കേതികവിദ്യ ആരോഗ്യരംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു. അത്യാധുനിക ചികിത്സാരീതികള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്ന കിംസ്‌ഹെല്‍ത്തിന്റെ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചികിത്സാരംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം ഏറ്റവും ആവശ്യവും സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ പര്യാപ്തവുമായ ഘട്ടത്തിലാണ് കിംസ്‌ഹെല്‍ത്ത് സെന്റര്‍ ഫോര്‍ റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള പറഞ്ഞു.
അസ്ഥികളുടെ ഘടന ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. ഈ അതിനൂതന റോബോട്ടിക് സംവിധാനം ഡോക്ടര്‍ക്ക് ശസ്ത്രക്രിയയ്ക്ക് മുന്‍പ് രോഗിയുടെ അസ്ഥികളുടെ ത്രിമാന സിടി ഇമേജുകള്‍ വിശകലനം ചെയ്യാനും രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് ശസ്ത്രക്രിയ കൂടുതല്‍ കൃത്യതയോടെ ആസൂത്രണം ചെയ്യാനും സഹായിക്കുന്നു. കൂടാതെ പരമ്പരാഗത ശസ്ത്രക്രിയയെക്കാള്‍ താരതമ്യേനെ കുറച്ച് ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ റോബോട്ടിക് സര്‍ജറിയില്‍ അണുബാധയ്ക്കുള്ള സാധ്യതയും വളരെ കുറവാണ്.
പൂര്‍ണ്ണമായും റോബോട്ടിക് അധിഷ്ഠിതമായ ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗിയെ വേഗത്തില്‍ തന്നെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഓര്‍ത്തോപീഡിക്സ് ആന്‍ഡ് ട്രോമാ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ഗ്രൂപ്പ് കോര്‍ഡിനേറ്ററുമായ ഡോ. മുഹമ്മദ് നസീര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ രോഗികള്‍ക്ക് വേണ്ട സകല പരിരക്ഷയും ഉറപ്പാക്കാന്‍ റോബോട്ടിക്ക്‌സില്‍ വൈദഗ്ധ്യമുള്ള മെഡിക്കല്‍ സംഘമാണ് കിംസ്‌ഹെല്‍ത്തിലുള്ളത്. ഇതിനോടകം എട്ട് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കിംസ്‌ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ. ജി. വിജയരാഘവന്‍, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍ രഖുചന്ദ്രന്‍ നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡോ. മുഹമ്മദ് നസീര്‍ സ്വാഗതവും കിംസ്ഹെല്‍ത്ത് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഇ.എം നജീബ് നന്ദിയും അറിയിച്ചു.