മുത്തൂറ്റ് മിനിയുടെ അറ്റാദായത്തില്‍ 42.59 ശതമാനം വര്‍ധന

കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 42.59 ശതമാനം വര്‍ധനവുമായി 67.28 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ നികുതിക്ക് മുന്‍പുള്ള ലാഭം 62.18 ശതമാനം വര്‍ധനവുമായി 81.77 കോടി രൂപയിലെത്തി. വിപണിയിലെ സ്വര്‍ണ പണയ ആവശ്യകത വര്‍ധിച്ചതിന്‍റെ പ്രതിഫലനമാണ് ഈ വളര്‍ച്ച.

കമ്പനിയുടെ ആകെ ആസ്തിയില്‍ മുന്‍ വര്‍ഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 14.89 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 17.18 ശതമാനത്തിന്‍റെ വാര്‍ഷിക വരുമാന വളര്‍ച്ചയും കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തത്തിലെ 18.34 ശതമാനത്തില്‍ നിന്നും പലിശ വരുമാനം 19.05 ശതമാനമായും ഉയര്‍ന്നു. 9.03 ശതമാനമാണ് അറ്റ പലിശ വരുമാനത്തിലെ വര്‍ധന.

മികച്ച ഉപഭോക്തൃ സംതൃപ്തിയും പ്രവര്‍ത്തന മികവും നൂതന ആശയങ്ങളുമാണ് ഈ അസാധാരണ നേട്ടം കൈവരിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കിയതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യൂ മുത്തൂറ്റ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണ വായ്പ ലഭ്യമാക്കാനായി പുതിയ വിപണി കണ്ടെത്തിയതിന്‍റെ ഫലമാണ് ഈ വളര്‍ച്ച. പ്രധാന വിഭാഗങ്ങളിലെല്ലാം മികച്ച വളര്‍ച്ച നേടാനായിട്ടുണ്ട്. രാജ്യവ്യാപകമായി നെറ്റ്വര്‍ക്ക് വിപുലീകരിക്കാനും ഉപഭോക്തൃ സംതൃപ്തിയിലും നൂതന ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലും പ്രവര്‍ത്തന മികവിലുമാണ് തുടര്‍ന്നും കമ്പനി ശ്രദ്ധ ചെലുത്തുന്നത്. ഈ സമീപനവും അടിസ്ഥാന മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും തുടര്‍ച്ചയായ സുസ്ഥിര വളര്‍ച്ച നല്‍കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക മുന്‍കരുതലോടും ഉപഭോക്തൃ കേന്ദ്രീകൃത സമീപനങ്ങളോടുമുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ സാമ്പത്തിക ഫലങ്ങളില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.ഇ. മത്തായി പറഞ്ഞു.

സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ക്കിടയിലും വരുമാനം, കൈകാര്യ ചെയ്യുന്ന ആസ്തി, ലാഭം എന്നിവയിലെ സുസ്ഥിരമായ വളര്‍ച്ച തങ്ങളുടെ ബിസിനസ് മാതൃകയുടെ കരുത്ത് എടുത്തുകാണിക്കുന്നു. ഏറ്റവും മികച്ച സേവനത്തിലൂടെ ഉപഭോക്താക്കളുടെ സ്വപ്നങ്ങള്‍ നിറവേറ്റാനും സേവനങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്താനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രാജ്യത്ത് 903 ശാഖകളാണ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് നിലവിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ശാഖകളുടെ എണ്ണം ആയിരത്തിലധികമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *