കുഴഞ്ഞ് വീണുള്ള മരണങ്ങള്‍: ജീവന്‍രക്ഷാ പദ്ധതിയുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍

കൊച്ചി: കുഴഞ്ഞുവീണ് പെട്ടെന്നുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര ജീവന്‍രക്ഷാ പരിശീലനം നല്‍കാന്‍ പദ്ധതിയുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കാര്‍ഡിയോ പള്‍മണറി റിസസ്സിറ്റേഷന്‍ (സിപിആര്‍) പരിശീലനം നല്‍കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം ജില്ലയിലെ 1000 പേര്‍ക്ക് സിപിആര്‍ പരിശീലനം നല്‍കികൊണ്ടാണ് പദ്ധതിക്ക് തുടക്കമിടുന്നത്.

ഒരു ജീവന്‍ രക്ഷിക്കൂ, ഒരു ജീവിതകാലം സംരക്ഷിക്കൂ എന്ന പ്രമേയത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 14 ചൊവ്വാഴ്ച സെന്റ് തെരേസാസ് കോളേജില്‍ രാവിലെ 11.30-ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കുമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ രേണു രാജ്, ബിപിസിഎല്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ അജിത്കുമാര്‍ കെ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം പദ്ധതി അവതരിപ്പിക്കും.

സംസ്ഥാനത്തെ ജനങ്ങളെയാകെ സിപിആര്‍ നല്‍കാന്‍ സജ്ജരാക്കുക എന്നതാണ് പദ്ധതിയിലൂടെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈയടുത്ത കാലത്ത് യഥാസമയം സിപിആര്‍ ലഭ്യമാക്കാത്തത് കാരണം നിരവധി വിലപ്പെട്ട ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ഈ ഉദ്യമം സംസ്ഥാനത്ത് ക്രിയാത്മക പ്രഭാവം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ട്രസ്റ്റി ജോര്‍ജ് ഇ.പി, ഗവേണിങ് കൗണ്‍സില്‍ അംഗം ഡോ. നിഷാ വിക്രമന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *