കാലിഫോർണിയയിൽ ഹൈക്കിങ്ങിനെത്തിയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു


യോസ്മൈറ്റ് ദേശീയോദ്യാനത്തില്‍ പിതാവിനൊപ്പം ഹൈക്കിങ്ങിനെത്തിയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു.


അരിസോണ സ്റ്റേറ്റ് സർവകലാശാല വിദ്യാർഥിനിയായ ഗ്രേസ് റോളോഫാണ് മരിച്ചത്. വീഴുന്നതിന് തൊട്ടുമുൻപ് തന്റെ ഷൂസ് തെന്നുന്നതായി ഗ്രേസ്, പിതാവ് ജൊനാഥൻ റോളോഫിനോട് പറഞ്ഞിരുന്നു. ഹൈക്കിങ്ങിനിടെ ശക്തമായ മഴയും കാറ്റും വന്നതാണ് അപകടത്തിന് കാരണമായത്.


ഹൈക്കിങ്ങില്‍ ഏറെക്കാലത്തെ മുൻപരിചയമുള്ളവരാണ് ജൊനാഥനും മകളും. ‘ഹാഫ് ഡോം’ എന്നറിയപ്പെടുന്ന പാറക്കെട്ടില്‍ ക‍യറുന്നതിനിടെ, കൂടെയുണ്ടായിരുന്നവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേസിന്‍റെ കാല്‍ വഴുതിയത്.

ജൊനാഥൻ നോക്കിനില്‍ക്കെയാണ് മകള്‍ അഗാധ ഗർത്തത്തിലേക്ക് പതിച്ചത്.പിന്നാലെ അടിയന്തര ഹെല്‍പ് ലൈൻ നമ്ബരായ 911ലേക്ക് വിളിച്ച്‌ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. മൂന്ന് മണിക്കൂർ സമയമെടുത്താണ് രക്ഷാപ്രവർത്തകർ, തലക്ക് ഗുരുതര പരിക്കേറ്റ ഗ്രേസിനരികില്‍ എത്തിയത്.

പാറക്കെട്ടിന് മുകളിലെത്താൻ കുറഞ്ഞ ദൂരം മാത്രം ശേഷിക്കെയാണ് മകള്‍ വീണതെന്ന് ജൊനാഥൻ ഓർക്കുന്നു. 2006 മുതല്‍ ഇവിടെ കാല്‍വഴുതി വീണ് മരിക്കുന്ന ആറാമത്തെ ആളാണ് ഗ്രേസ്.



Sharing is Caring