പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിച്ചാല്‍ 82,000 രൂപ പിഴ, വിലക്ക് കര്‍ശനമാക്കാനൊരുങ്ങി സ്വിറ്റ്‌സര്‍ലാന്‍ഡ്

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സ്വിറ്റ്‌സര്‍ലാന്‍ഡ്. ഇത് സംബന്ധിച്ച കരട് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് സ്വിസ് ഫെ‌ഡറല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു.ബുര്‍ഖ, വെയില്‍, നിഖാബ് എന്നിവ നിരോധനത്തില്‍ ഉള്‍പ്പെടും.എന്നാല്‍ നിയമസഭ പച്ചക്കൊടി കാണിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.

നിയമം ലംഘിക്കുന്നവര്‍ 1000 ഫ്രാങ്ക്‌സ് (82,488 രൂപ) വരെ പിഴ ഒടുക്കേണ്ടി വരുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മുഖം മറയ്ക്കല്‍ നിരോധനത്തില്‍ ചില ഇളവുകള്‍ ഉണ്ടായിരിക്കും. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍, സുരക്ഷാപ്രശ്നങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, പ്രാദേശിക ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ എന്നിവര്‍ക്കും ഇളവ് ലഭിക്കും. നയതന്ത്ര- കോണ്‍സുലാര്‍ ഓഫീസുകള്‍, വിമാനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ വിലക്ക് ബാധകമാകില്ല. പൊതുസ്ഥലങ്ങളില്‍ കൊവിഡ് പരിരക്ഷ എന്നവണ്ണം മാസ്‌ക് ധരിക്കുന്നതിന് മാത്രമായിരിക്കും അനുമതി ലഭിക്കുക.

പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിക്കുന്നതിനുള്ള നി‌ര്‍ദേശം 2021ല്‍ നടന്ന ഒരു റഫറണ്ടത്തിലാണ് ആദ്യമായി അംഗീകരിക്കപ്പെട്ടത്. 2021 മാര്‍ച്ചില്‍ ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പും നടത്തിയിരുന്നു. 51.21 ശതമാനം പേരാണ് നിരോധനത്തെ പിന്തുണച്ച്‌ വോട്ട് ചെയ്തത്. അതേസമയം, സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനസംഖ്യയില്‍ അഞ്ച് ശതമാനം പേര്‍ മുസ്ലിംങ്ങളാണ്.

പൊതു സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാനാണ് മുഖം മറയ്ക്കുന്നത് നിരോധിക്കാനുള്ള തീരുമാനമെന്ന് സ്വിസ് കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യൂറോപ്പിലെ ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്‌സ്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളും പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നതിന് ഭാഗികമായോ പൂര്‍ണ്ണമായോ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *