ചൈനയുടെയും റഷ്യയുടെയും വെല്ലുവിളികൾ ഒന്നിച്ചു നേരിടാൻ തയ്യാറായി നാറ്റോ രാജ്യങ്ങൾ

ചൈനയുടേ സൈനിക മോഹങ്ങളെ ഒറ്റക്കെട്ടായി നേരിടാന്‍ നാറ്റോ സഖ്യത്തില്‍ ധാരണയായി. ബ്രസ്സല്‍സില്‍ ഇന്നലെ നടന്ന നാറ്റോ ഉച്ചകോടിയിലായിരുന്നു ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചും അവ നേരിടേണ്ടുന്നതിനെ കുറിച്ചും ചര്‍ച്ച ഉണ്ടായത്. ചൈനയുടെ സൈനിക മോഹങ്ങള്‍ക്കും അവര്‍ ക്രമമായി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കും തടയിടണമെന്നാണ് അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചത്. നേരത്തേ റഷ്യക്കെതിരെ ഉയര്‍ന്നുവന്ന സഖ്യം ഇനിമുതല്‍ സമാനമായ രീതിയില്‍ ചൈനക്കെതിരെയും ശക്തമായ പ്രതിരോധമുയര്‍ത്തും.
അതോടൊപ്പം നാറ്റോ രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സൈനിക സഹകരണം ഉപഗ്രഹങ്ങള്‍ ആക്രമിക്കപ്പെടുന്നതിലേക്കും സൈബര്‍ ആക്രമണങ്ങളിലേക്കും കൂടി വ്യാപിപ്പിക്കുവാനും തീരുമാനമായിട്ടുണ്ട്. 30 അംഗരാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തിനു നേരെയുണ്ടാകുന്ന ആക്രമണം മുഴുവന്‍ അംഗരാജ്യങ്ങള്‍ക്കും എതിരായുള്ള ആക്രമണമായി പരിഗണിക്കും എന്നും ഉച്ചകോടിയില്‍ വ്യക്തമാക്കി. ട്രംപില്‍ നിന്നും വിഭിന്നമായി നാറ്റോ കരാറിനോട് പൂര്‍ണ്ണയോജിപ്പായിരുന്നു ജോ ബൈഡന്‍ പ്രകടിപ്പിച്ചത്. ഇതിനെ മറ്റ് അംഗരാജ്യങ്ങളുടെ തലവന്മാര്‍ സഹര്‍ഷം സ്വാഗതം ചെയ്തു.

നാറ്റോ സഖ്യത്തിലെ അംഗ രാജ്യങ്ങളുമായി ട്രംപിന്റെ കാലത്ത് ബന്ധത്തില്‍ വീണ വിള്ളലുകള്‍ മാറ്റുവാനുള്ള ശ്രമമായിരുന്നു ബൈഡന്‍ നടത്തിയത്. നാറ്റോ അമേരിക്കയെ സംബന്ധിച്ച്‌ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന് അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിച്ചു. മാത്രമല്ല, റഷ്യയും ചൈനയും തങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയിന്‍ അതിര്‍ത്തിയിലെ റഷ്യയുടെ സൈനിക വിന്യാസവും ചര്‍ച്ചയ്ക്ക് വിഷയമായി.

ബാള്‍ട്ടിക് മേഖല മുതല്‍ ആഫ്രിക്ക വരെയുള്ള ചൈന്യയുടെ വിപുലപ്പെട്ടുവരുന്ന സൈനിക സാന്നിദ്ധ്യം കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് നാറ്റൊ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോല്‍ടെന്‍ബെര്‍ഗ് പ്രസ്താവിച്ചു. തങ്ങളുടെ തന്നെ പല അംഗ രാജ്യങ്ങളിലും ചൈന നടത്തുന്ന നിക്ഷേപങ്ങളുടേ അപകടവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നേരത്തേ ബ്രിട്ടനില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ ചൈന ഷിന്‍ജിയാങ്ങ് മേഖലയില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ബൈഡനും എര്‍ദോഗനും നേര്‍ക്കുനേര്‍

അമേരിക്ക അര്‍മീനിയയിലെ കൊലപാതക പരമ്ബരകളെ വംശഹത്യയായി അംഗീകരിച്ചതിനുശേഷം ഇതാദ്യമായായിരുന്നു ടര്‍ക്കി പ്രസിഡണ്ട് റെസെപ് എര്‍ദോഗനും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും തമ്മില്‍ കണ്ടുമുട്ടുന്നത്. തിങ്കളാഴ്‌ച്ച ഇരു രാഷ്ട്രത്തലവന്മാര്‍ക്കും ഇടയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നെങ്കിലും അതിനു മുന്‍പ് തന്നെ ഇരുവരും കണ്ടുമുട്ടി അല്പനേരം സംസാരിച്ചിരുന്നു. അര്‍മീനിയന്‍ വംശഹത്യയെ വംശഹത്യയെന്ന് അംഗീകരിച്ച അമേരിക്കന്‍ നടപടിയില്‍ നേരത്തേ എര്‍ദോഗന്‍ ശക്തിയായി പ്രതികരിച്ചിരുന്നെങ്കിലും, ഇരുവരും തമ്മിലുള്ള സംഭഷണത്തിനിടയില്‍ അത് അസ്വരസ്യമുണ്ടാക്കിയില്ല.

പാശ്ചാത്യരുടേ അവസാനത്തെ അത്താഴമെന്ന് ചൈന

കോവിഡ് 19 നെ കുറിച്ച്‌ പുനരന്വേഷണം വേണമെന്ന ആസ്ട്രേലിയന്‍ ആവശ്യത്തോട് ജി 7 നേതാക്കള്‍ അനുകൂല നിലപാടെടുത്തതിനെ പരിഹാസത്തോടെയാണ് ചൈന നോക്കി കാണുന്നത്. ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ അവസാന അത്താഴം എന്ന ചിത്രത്തിന്റെ അനുകരണമായ ഒരു കാര്‍ട്ടൂണായിരുന്നു ഇതിന് ചൈന നല്‍കിയ മറുപടി. അവസാനത്തെ ജി 7 എന്നായിരുന്നു ഇതിന് തല്ക്കെട്ട് നല്‍കിയിരുന്നത്. ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണില്‍, ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി, കാനഡ, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇന്ത്യ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളെ അവരവരുടേ ദേശീയ മൃഗങ്ങള്‍ കൊണ്ടാണ് ബിംബവത്ക്കരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *