50 കോടി രൂപയ്ക്ക് ആയിരം വീടുകള്‍ നിര്‍മിച്ചു നല്‍കാനാകും; വനിതാ മതിലിനെതിരെ ജോയ് മാത്യു

കോഴിക്കോട്: വനിതാ മതിലിനെതിരെ നടന്‍ ജോയ് മാത്യു. വനിതാ മതിലിനായി ചെലവാക്കുന്ന 50 കോടി രൂപ കൊണ്ട് ആയിരം വീടുകള്‍ നിര്‍മ്മിക്കാമായിരുന്നെന്ന് ജോയ് മാത്യു പറഞ്ഞു. പ്രളയകാലത്ത് കിടപ്പാടം നഷ്ടപ്പെട്ട സ്ത്രീകളുടെ പേരിലാണ് വീട് നിര്‍മ്മിച്ചുനല്‍കുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് അതില്‍പരം സുരക്ഷിതത്വം എന്താണുള്ളതെന്നും ജോയ് മാത്യു ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെ:

മുന്‍പ് എവിടെയോ വായിച്ചതാണ്. ഒരു രാജ്യത്ത് കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വീടുകളില്‍ ബാക്കിവന്നാല്‍ അതു മുതലാക്കാനായി അവിടത്തുകാര്‍ എന്തു കോപ്രായവും കാട്ടിക്കൂട്ടും. ഉദാഹരണത്തിന് മുറിവുകളില്‍ പുരട്ടാനുപയോഗിക്കുന്ന അയഡിന്‍. കാലാവധി കഴിയാറായ അയഡിന്‍ എന്തുചെയ്യും? അതിനവര്‍ ആദ്യം ചെയ്യുന്നത് കുടുംബത്തിലുള്ളവരെ കുത്തിമുറിവേല്‍പിക്കും. എന്നിട്ട് മുറിവുകളില്‍ മുഴുവന്‍ അയഡിന്‍ പുരട്ടും.

അത്തരമൊരു ഏര്‍പ്പാട് കേരളത്തിലും പരീക്ഷിക്കാന്‍ തീരുമാനിച്ചു എന്നാണ് വനിതാമതില്‍ കെട്ടാനുള്ള പണം എവിടെനിന്നാണെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരം കേട്ടാല്‍ തോന്നുക. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതിനാല്‍ സ്ത്രീസുരക്ഷയ്ക്കും സ്ത്രീശാക്തീകരണത്തിനും വേണ്ടി ബജറ്റില്‍ മാറ്റിവച്ച തുക പാഴായിപ്പോകും എന്നു കണ്ടെത്തിയപ്പോള്‍ തോന്നിയ ഐഡിയ ആണത്രേ, അയഡിന്‍ വച്ചുള്ള ഈ ഒടിവിദ്യ.

മതിലുകെട്ടണോ വേണ്ടയോ എന്നൊക്കെ മനുഷ്യരെ മതിലുകെട്ടിത്തിരിക്കാന്‍ തീരുമാനിച്ച ഏതു പാര്‍ട്ടിക്കും നിശ്ചയിക്കാന്‍ കഴിയും. എന്നാല്‍, നാടിന്റെ പൊതുവികാരം എന്താണെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു സര്‍ക്കാര്‍, ദീര്‍ഘവീക്ഷണമുള്ള സര്‍ക്കാരാകുക. ഇനിയുമൊരു പ്രളയം തടുക്കാനും പ്രളയത്താല്‍ തകര്‍ന്നുപോയ കേരളത്തെ പുതുക്കിപ്പണിയാനുമാണ് ഈ മതിലെങ്കില്‍, കേരളം ഒറ്റക്കെട്ടായി മതിലല്ല കോട്ടതന്നെ കെട്ടിയുയര്‍ത്തിയേനെ. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ച, കാലാവധി കഴിയാറായതുവഴി പാഴായിപ്പോകും എന്നു പറഞ്ഞ 50 കോടി ഒരു നിസ്സാര സംഖ്യയല്ലതന്നെ.

വാസയോഗ്യമായ ഇടത്തരമൊരു വീട് നിര്‍മിക്കാന്‍ അഞ്ചുലക്ഷം രൂപ മതിയാകുമെന്നു കണക്കാക്കിയാല്‍ത്തന്നെ, 50 കോടി രൂപയ്ക്ക് ആയിരം വീടുകള്‍ നിര്‍മിച്ചു നല്‍കാനാകും. പ്രളയകാലത്തു കിടപ്പാടം നഷ്ടപ്പെട്ട സ്ത്രീകളുടെ പേരിലാണു വീടു നിര്‍മിച്ചുനല്‍കുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് അതില്‍പരം സുരക്ഷിതത്വം എന്താണുള്ളത്? കോടതിപോലും അത് സ്ത്രീശാക്തീകരണത്തിനു മുതല്‍ക്കൂട്ടാണെന്നല്ലേ പറയൂ. അങ്ങനെയല്ലേ സ്ത്രീകളെ ശാക്തീകരിക്കേണ്ടത്? പ്രളയദുരിതാശ്വാസമായി അനുവദിച്ച പതിനായിരം രൂപ പോലും ഇപ്പോഴും ലഭിക്കാത്തവരുണ്ട്. അപ്പോഴാണ് നവോത്ഥാനമതിലെന്ന മാമാങ്കം!

ഇനി മതില്‍ കെട്ടുകയാണെന്നിരിക്കട്ടെ. ചുരുങ്ങിയത് 16 ലക്ഷം വനിതകള്‍ വേണമത്രേ മതിലുയര്‍ത്താന്‍. അതിനായി നിയോഗിക്കപ്പെടുന്ന, ജോലിക്കു പോകുന്ന സ്ത്രീകള്‍ അവധിയെടുത്താല്‍, ഒരാള്‍ക്കു ശരാശരി 300 രൂപ കൂലിയായി കൂട്ടിയാല്‍ത്തന്നെ 48 കോടി രൂപ സംസ്ഥാനത്തിനു നഷ്ടം. ഇതും പോരാഞ്ഞ് ഒരു മന്ത്രി പറഞ്ഞത് 50 ലക്ഷം വനിതകളെ മതിലിനുവേണ്ടി അണിനിരത്തുമെന്നാണ്. അപ്പോള്‍ എത്ര കോടി രൂപ സംസ്ഥാനത്തിനു നഷ്ടം വരുമെന്നു കണക്കു കൂട്ടുമ്പോള്‍ത്തന്നെ നമുക്കു തലകറങ്ങും. ഇതിനൊക്കപ്പുറമേ ഇത്രയും പേര്‍ക്കു യാത്രാച്ചെലവിനായി എത്ര രൂപ വേണ്ടിവരും? സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു വേണ്ടിവരുന്ന ചെലവുകള്‍ വേറെയും. അതിന്റെ ഏകദേശരൂപം അറിയണമെങ്കില്‍ പൊലീസ് വാഹനങ്ങള്‍ക്ക് ആ ദിവസം എത്ര രൂപയുടെ ഇന്ധനം ചെലവാകും എന്നു മാത്രം ആലോചിച്ചാല്‍ മതി.

ഇനി മതിലുകെട്ടിയാല്‍ത്തന്നെ അതെങ്ങനെയാണ് നവോത്ഥാനമാകുക? കേരളം ജാതീയമായി പല തട്ടുകളില്‍ ആണെന്നു പറയുന്നവര്‍തന്നെ, ചില ജാതികളെ തഴഞ്ഞും ചിലജാതികളെ ചേര്‍ത്തുനിര്‍ത്തിയും പണിയുന്നത് ഒരു ‘വല്ലാത്ത ജാതി’മതില്‍ ആയിരിക്കും.

മതില്‍ കെട്ടുന്നത് മലയാളിയുടെ ഒരു മനോരോഗമാണെന്നതും അതു പ്രളയകാലത്ത് എത്രമാത്രം ബുദ്ധിമുട്ടു സൃഷ്ടിച്ചു എന്നതും നമ്മള്‍ കണ്ടതാണ്. മറ്റുള്ളവരില്‍നിന്ന് എന്തോ ഭദ്രമായും ഒളിച്ചും സൂക്ഷിക്കാനാണല്ലോ മതില്‍കെട്ടുന്നത്. അപ്പോള്‍, ഈ മതില്‍പണിക്കാര്‍ക്കു ജനങ്ങളില്‍നിന്ന് എന്തോ ഭദ്രമായി ഒളിച്ചുവയ്ക്കാനുണ്ടെന്നതു സ്പഷ്ടം.

ഇനി മറ്റൊരു കാര്യം. സാമ്പത്തികവര്‍ഷം അവസാനിക്കുക മാര്‍ച്ചിലാണ്. അല്ലാതെ, ഡിസംബറിലല്ല. തുക നേരാംവണ്ണം ചെലവഴിക്കാന്‍ ഇനിയും മൂന്നു മാസം കിടക്കുന്നു. അതിനാല്‍, അയഡിന്‍ മരുന്നു പോലെ 50 കോടി രൂപയെ കാണരുത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *