പാപുവ ന്യൂ ഗിനിയയില്‍ കലാപത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു


പാപുവ ന്യൂ ഗിനിയയില്‍ കലാപത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ശമ്പളം പകുതിയായി വെട്ടിക്കുറച്ചതിനെതിരെ ജോലിയില്‍നിന്ന് വിട്ടുനിന്ന് പൊലീസുകാര്‍ പ്രതിഷേധം തുടങ്ങിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആളുകള്‍ കടകള്‍ക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. ബുധനാഴ്ചയാണ് വേതനം വെട്ടിക്കുറച്ചതില്‍ പൊലീസ് പ്രതിഷേധം ആരംഭിച്ചത്. തൊഴിലില്ലായ്മയും വിലക്കയറ്റത്തിലും വലയുകയാണ് ഈ പസഫിക് ദ്വീപ് രാജ്യം.


കലാപകാരികളെ നേരിടാന്‍ ആയിരത്തിലധികം ട്രൂപ്പുകള്‍ സജ്ജമാണെന്ന് പ്രധാനമന്ത്രി ജെയിംസ് മാരാപേ വ്യാഴാഴ്ച പ്രതികരിച്ചു. നിയമം ലംഘിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും 14 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദമാക്കി. ബുധനാഴ്ച വൈകീട്ടോടെയാണ് പൊലീസുകാര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുകയും സൈന്യം നിരത്തുകളില്‍ ഇറങ്ങുകയും ചെയ്തതോടെ കലാപം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. എങ്കിലും സംഘര്‍ഷത്തിനുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. കലാപത്തില്‍ 15 ജീവനുകള്‍ നഷ്ടമായി.




Sharing is Caring