125 കോടി ഇന്ത്യന്‍ ജനതക്ക് ജോലി നല്‍കാനാവില്ല; സ്വയം തൊഴിലാണ് പരിഹാരം- അമിത് ഷാ

രാജ്യത്തെ 125 കോടി വരുന്ന ജനതയ്ക്ക് മുഴുവന്‍ തൊഴില്‍ നല്‍കുന്നത് പ്രായോഗികമല്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്തില്‍ യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

ജോലിയും തൊഴിലും രണ്ടാണ്. 125 കോടി വരുന്ന ഇന്ത്യന്‍ ജനതയ്ക്ക് മുഴുവന്‍ ജോലി നല്‍കുക പ്രായോഗികമല്ല. അതിനുള്ള പരിഹാരമാണ് സ്വയംതൊഴില്‍-അമിത് ഷാ പറഞ്ഞു. തങ്ങളുടെ മുദ്രാ സ്‌കീം വഴി ഒമ്പത് കോടി ജനങ്ങള്‍ തൊഴില്‍വിജയം നേടിയത് ഉദാഹരണമാണ്. സ്വയം തൊഴില്‍ മേഖലക്ക് പ്രോത്സാഹനമായി സ്റ്റാന്‍ഡ് അപ് ഇന്ത്യ, സ്റ്റാര്‍ട്ട്അപ് തുടങ്ങിയ സ്‌കീമുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

നോട്ട്പിന്‍വലിക്കല്‍, ജി.എസ്.ടി തുടങ്ങിയ പരിഷ്‌കാരങ്ങളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു എന്ന് അംഗീകരിച്ച അദ്ദേഹം ഒരു വര്‍ഷത്തിനകം അതൊക്കെ ജനങ്ങള്‍ക്ക് അനുഗ്രഹമായി മാറുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യപുരോഗതിയും ജനന്മയും ലക്ഷ്യമിട്ട് കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണിവ. ജി.എസ്.ടി നടപ്പാക്കിയിട്ട് അഞ്ച് മാസമേ ആയിട്ടുള്ളു,അടുത്ത അഞ്ച് മാസത്തിനകം അത് അനുഗ്രഹമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും അമിത് ഷാ പറഞ്ഞു.
രാഹുല്‍ഗാന്ധി ഈ സ്‌കീമുകളെക്കുറിച്ചൊക്കെ സംസാരിക്കുന്നതല്ലാതെ ഒരു ബിസിനസ്സ് പോലും നടത്തുന്നത് താന്‍ കണ്ടിട്ടില്ലെന്ന് അമിത് ഷാ പരിഹസിച്ചു.

കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ജനങ്ങളുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയാണ് ലക്ഷ്യെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോണ്‍ഗ്രസിനെതിരെ അദ്ദേഹം ശക്തമായ വിമര്‍ശനങ്ങളുയര്‍ത്തി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പനോടുള്ള കോണ്‍ഗ്രസ് മനോഭാവം പിന്തിപ്പനും വിഭജനാത്മകവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘നിര്‍ഭാഗ്യകരമെന്നു പറയട്ടെ. ഗുജറാത്ത് ജാതികളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇതേ നിലപാടാണ് രാഹുലും കോണ്‍ഗ്രസും കൈക്കൊള്ളുന്നത്. ഇത്രയും കാലം ഈ ജാതീയതയില്‍ പ്രയാസപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് വീണ്ടും അതവിടെ കൊണ്ടു വരികയാണ്’- അമിത് ഷാ ആരോപിച്ചു. ജിഗ്‌നേഷ് മേവാനിയും ഹര്‍ദിക് പട്ടേലുമൊക്കെ കോണ്‍ഗ്രസിനൊപ്പം ചേരുന്നത് സൂചിപ്പിച്ചായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *