വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന എയർഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെതിരെ കേസ്


ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന എയർഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെതിരെ കേസ്.സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


വെന്റിലേറ്ററില്‍ അബോധാവസ്ഥയിലായിരുന്ന സമയത്താണ് പ്രതി പീഡിപ്പിച്ചതെന്ന് പരാതിക്കാരി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


ഗുരുഗ്രാമില്‍ ജോലിയുമായി ബന്ധപ്പെട്ട് പരിശീലനത്തിന് എത്തിയതായിരുന്നു യുവതി. ഹോട്ടലില്‍ താമസിച്ചിരുന്ന യുവതിക്ക് നീന്തല്‍ കുളത്തില്‍ വച്ച്‌ ഒരു അപകടം സംഭവിച്ചിരുന്നു. ഇതിനെ തുടർന്ന് യുവതിയെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യം വഷളായതോടെ ഭർത്താവ് ഇടപെട്ടാണ് യുവതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിക്കാരിയുടെ ആരോപണം. പീഡന സമയത്ത് ആരോഗ്യനില മോശമായതുകൊണ്ട് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രില്‍ 13ന് ആശുപത്രി വിട്ടതിനുശേഷമാണ് യുവതി ഭർത്താവിനോട് സംഭവിച്ചതെല്ലാം പറഞ്ഞത്. തുടർന്ന് ഭർത്താവാണ് 112 എന്ന ഹെല്‍പ്പ്‌ലൈൻ നമ്ബറില്‍ ബന്ധപ്പെട്ട് അധികൃതരെ വിവരമറിയിച്ചത്. സദർ പൊലീസില്‍ എത്തി പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. ആശുപത്രിയിലെ സിസിടിവി പരിശോധിക്കുകയും ജീവനക്കാരനെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.



Sharing is Caring