ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

heartകൊച്ചി: കേരളത്തിലെ അവയവദാന ചരിത്രത്തില്‍ പുത്തനധ്യായമെഴുതിയ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ദാതാവില്‍നിന്നെടുത്ത ഹൃദയം വിമാനമാര്‍ഗം എത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ ശസ്തക്രിയ എറണാകുളം ലിസി ആശുപത്രിയിലാണു നടന്നത്.

പ്രസിദ്ധ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ആറു മണിക്കൂറിലേറെ സമയമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. അങ്കമാലി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കാണു ഹൃദയം മാറ്റിവച്ചത്. ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലായിരുന്ന പാറശാല സ്വദേശിയും തിരുവനന്തപുരം ബാറിലെ അഭിഭാഷകനുമായ അഡ്വ എസ് നീലകണ്ഠ ശര്‍മയുടെ ഹൃദയമാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കു നല്‍കിയത്. നീലകണ്ഠശര്‍മയില്‍നിന്നു ഹൃദയം വേര്‍പെടുത്തി 3.45 മണിക്കൂറിനകം രാത്രി പത്തോടെ മാത്യുവില്‍ ആ ഹൃദയം സ്പന്ദിച്ചു തുടങ്ങി.

ഇന്ത്യന്‍ നേവിയുടെ ഐഎന്‍-244 എയര്‍ ആംബുലന്‍സില്‍ വൈകിട്ട് ഏഴരയോടെയാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്. തുടര്‍ന്നാരംഭിച്ച ശസ്ത്രക്രിയ രാത്രി വൈകിയാണ് അവസാനിച്ചത്. ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം പത്തേകാലോടെ പൂര്‍ത്തിയായി. ശസ്ത്രക്രിയയുടെ രണ്ടാം ഘട്ടത്തില്‍ ഹൃദയം തുന്നിച്ചേര്‍ക്കുന്ന പ്രക്രിയ പൂര്‍ത്തിയായി. ഇതോടെ മാത്യുവിന്റെ ശരീരത്തില്‍ തുന്നിച്ചേര്‍ന്ന ഹൃദയം യന്ത്ര സഹായമില്ലാതെ സ്പന്ദിച്ചു തുടങ്ങിയതായി ഡോക്ടറുമാര്‍ അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *