ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീക്ക് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതാനായില്ല

തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീക്ക് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതാനായില്ല. ശിരോവസ്ത്രം ധരിച്ച് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന അധികൃതരുടെ നടപടിയെത്തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ കഴിയാഞ്ഞത്. കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് കന്യാസ്ത്രീയെ തടഞ്ഞത്. ശിരോവസ്ത്രം മാറ്റിയാല്‍ പരീക്ഷയെഴുതിക്കാമെന്ന് അധികൃതര്‍ പറഞ്ഞതായും ഇതിനു തയാറല്ലാത്തതിനാല്‍ മടങ്ങിയതായും സിസ്റ്റര്‍ സെബ പറഞ്ഞു.

പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്കു ഡ്രസ് കോഡ് നിര്‍ദേശിച്ചുള്ള സിബിഎസ്ഇ ഉത്തരവു ചോദ്യം ചെയ്ത് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എസ്‌ഐഒഐ) നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി ഇന്നലെ (24-07-2015) തള്ളിയിരുന്നു. ചിലതരം വസ്ത്രങ്ങള്‍ ധരിക്കുന്നതിനെ വിശ്വാസവുമായി ബന്ധപ്പെടുത്തുന്നതിനോടു യോജിക്കാനാവില്ലെന്നും ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെന്നുകണ്ട് വിശ്വാസം ഇല്ലാതാവില്ലെന്നും കോടതി വ്യക്തമാക്കി.

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ക്രമക്കേടുകള്‍ തടയാനായി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സിബിഎസ്ഇ പുറത്തിറക്കിയിരുന്നു. ലളിതമായ വസ്ത്രങ്ങള്‍ ധരിച്ചുവേണം പരീക്ഷയ്ക്ക് എത്തേണ്ടതെന്നും ഇതില്‍ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *