ഹാരിസണ്‍ കേസില്‍ തര്‍ക്കം തുടരുന്നു; വിഷയം പരിഗണിക്കാതെ മന്ത്രിസഭ

തിരുവനന്തപുരം:ഹാരിസണ്‍ കേസില്‍ തര്‍ക്കം തുടരുന്നു. ഹാരിസണ്‍ തോട്ടങ്ങള്‍ക്ക് കരം ഈടാക്കാനുള്ള നിര്‍ദേശം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. റവന്യു മന്ത്രിയുടെ ഇടപെടലിനെ തുര്‍ന്നാണ് ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാതിരുന്നത്.ഫയല്‍ വീണ്ടും പഠിച്ച ശേഷം മന്ത്രിസഭാ യോഗം പരിഗണിച്ചാല്‍ മതിയെന്ന് റവന്യൂ മന്ത്രി നിലപാടെടുത്തു, വിഷയം അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.

ഹാരിസണ്‍സ് മലയാളം കൈവശം വച്ചിരിക്കുന്ന 38000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ എം.ജി രാജമാണിക്യത്തിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഇനി സ്വീകരിക്കേണ്ട നിയമ നടപടികള്‍ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നയാരുന്നു സൂചന. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാന്‍ സര്‍ക്കാരിന് സിവില്‍ കോടതികളെ സമീപിക്കാമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. എട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്ത പ്രശ്നം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമിക്കായി ഏതറ്റം വരെയും പോകുമെന്നായിരുന്നു വാര്‍ത്തയോട് റവന്യൂ മന്ത്രിയുടെ പ്രതികരണം.

അതേസമയം, സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തളളിയ പശ്ചാത്തലത്തില്‍ ഹാരിസണ്‍ കൈവശം വയ്ക്കുന്നതും ഹാരിസണ്‍ മുറിച്ചുവിറ്റതുമായ ഭൂമിയുടെ നികുതി സ്വീകരിക്കണമെന്ന നിര്‍ദ്ദേശമാണ് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുളളത്. ഹാരിസണിന്‍റെ കൈയില്‍ നിന്ന് 205 ഏക്കര്‍ ഭൂമി വാങ്ങിയ കൊല്ലം തെന്‍മലയിലെ റിയ എസ്റ്റേറ്റിന്‍റെ ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശവും സര്‍ക്കാരിനു മുന്നിലുണ്ട്. ഹാരിസണിന് അനുകൂലമായി റവന്യൂ, നിയമ വകുപ്പ് സെക്രട്ടറിമാര്‍ നിലപാടെടുത്തത് റവന്യൂ വകുപ്പില്‍ തര്‍ക്കത്തിന് വഴിയൊരുക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *