ഹര്‍ത്താല്‍: തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ്

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താല്‍ തീര്‍ത്തും സമാധാനപരമായിരിക്കും എന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചെങ്കിലും തിരുവനന്തപുരത്ത് ആദ്യ മണിക്കൂറില്‍ തന്നെ ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം പൂവച്ചലിലാണ് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായത്. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.

അതേസമയം കോഴിക്കോട്, കൊച്ചി എന്നി നഗരങ്ങളിലെ ജനജീവിതത്തെ ഹര്‍ത്താലിന്റെ ആദ്യമണിക്കൂറുകള്‍ ബാധിച്ചിട്ടില്ല.

ഹര്‍ത്താലിന്റെ ഭാഗമായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. അക്രമവും പൊതുമുതല്‍ നശിപ്പിക്കലും ഉണ്ടായാല്‍ കര്‍ശനമായി നേരിടുമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്.

ഇന്ന് നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. അതേസമയം കേരള, എം.ജി സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *