ഹജ്ജ് സബ്സിഡി; സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം, എതിര്‍ത്ത് കേരള ഘടകം

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നാഭിപ്രായം. നടപടിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തപ്പോള്‍ തീരുമാനത്തെ എതിര്‍ത്ത് കേരള ഘടകം രംഗത്ത് വന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് കേന്ദ്ര നടപടിയെ സ്വാഗതം ചെയ്ത് രംഗത്ത് വന്നത്.

സബ്സിഡി നിര്‍ത്തലാക്കാന്‍ നാലുവര്‍ഷം മുമ്ബ് തന്നെ സുപ്രീം കോടതി തന്നെ ഉത്തരവിട്ടിരുന്നതാണെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നടപടിയെ എതിര്‍ത്ത് കെപിപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു. ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാന്‍ അനാവശ്യ ധൃതികാട്ടി കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം ദുരുദ്ദേശപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സുപ്രീം കോടതി വിധിയനുസരിച്ച്‌ ഘട്ടം ഘട്ടമായി ഹജ്ജ് സബ്സിഡി നര്‍ത്തലാക്കാന്‍ 2022 വരെ സമയമുണ്ടായിരുന്നു. അതിന് നാല് വര്‍ഷം അവശേഷിക്കേ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പെട്ടെന്നെടുത്ത ഈ തീരുമാനത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട. ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഹജ്ജ് യാത്രയിലെ വിമാനക്കമ്ബനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഹജ് സബ്സിഡി നിര്‍ത്താനുള്ള തീരുമാനത്തോട് ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാ മനോഭാവമാണിതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നിര്‍ഭാഗ്യകരമായ തീരുമാനമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *