സൗമ്യവധക്കേസില്‍ ജഡ്ജിമാര്‍ തെറ്റുതിരുത്താന്‍ തയ്യാറാവണം: കട്ജു


സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചത് ജഡ്ജിമാരുടെ അധിക ജോലിഭാരം കാരണമാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഗണിക്കേണ്ടിനാല്‍ മറ്റു കേസുകള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയാതെ വരുന്നതായും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.ഈ കേസില്‍ കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കി, ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതില്‍ സുപ്രീംകോടതിക്ക് തെറ്റു പറ്റിയിട്ടുണ്ട്. കേസുകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി പരിഗണിക്കാന്‍ ജഡ്ജിമാര്‍ക്ക് സമയം ഇല്ലാത്തതാവാം ഇത്തരം പിഴവുകള്‍ക്ക് കാരണം – കട്ജു പറഞ്ഞു.


കേസുമായി ബന്ധപ്പെട്ട് തന്നോട് ഹാജരാവാന്‍ സുപ്രീംകോടതി ഉത്തരവിട്ടപ്പോള്‍ തന്നെ അപമാനിക്കാനാണ് എന്നാണ് ആദ്യം കരുതിയത്. അതിനാലാണ് നവംബര്‍ 11ന് കോടതിയില്‍ ഹാജരാവില്ലെന്ന് ആദ്യം പറഞ്ഞത്. എന്നാല്‍, കോടതിയുടെ നോട്ടീസ് ലഭിച്ചപ്പോള്‍ തന്നെ ധാരണ തെറ്റാണെന്ന് മനസിലായി. മാന്യമായ ഭാഷയാണ് കോടതി നോട്ടീസില്‍ ഉപയോഗിച്ചിരുന്നത്. മാത്രമല്ല, കേസിലെ പിഴവ് എന്താണെന്ന് ചൂണ്ടിക്കാട്ടാന്‍ കൂടിയാണ് കോടതി ആവശ്യപ്പെട്ടതെന്നും മനസിലായി. തുടര്‍ന്നാണ് ഹാാജരാവാന്‍ തീരുമാനിച്ചത്. 11ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് താന്‍ കോടതിയില്‍ ഹാജരാവുമെന്നും കട്ജു പറഞ്ഞു. പിഴവ് വരുത്താത്ത ഒരു ജഡ്ജിയും ഇതുവരെ ജനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


തെറ്റ് മനുഷ്യസഹജമാണ്. എന്നാല്‍, തെറ്റ് മനസിലാക്കി തിരുത്തുന്നയാളാണ് മാന്യന്‍. ഇത് ജഡ്ജിമാര്‍ക്കും ബാധകമാണ്. താന്‍ പോലും ചിലപ്പോഴെങ്കിലും തന്റെ വിധിന്യായത്തില്‍ തെറ്റ് വരുത്തിയിട്ടുണ്ടെന്നും കട്ജു പറഞ്ഞു.



Sharing is Caring