സ്വർണ്ണക്കടത്ത് കേസിൽ മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ശിവശങ്കരന്‍റെ ഫ്ലാറ്റിൽ വെച്ച് ഗൂഢാലോചന നടന്നെന്ന സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. എന്നാൽ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കില്ലെന്നാണ് സൂചന. സ്വർണം വാങ്ങിയ മൂന്ന് പേരെ ഇന്ന് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം കരാർ ലംഘനം നടത്തിയതിന്‍റെ പേരിൽ കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പിഡബ്യൂസിക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

നയതന്ത്ര ബാഗിലൂടെ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയത് ശിവശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വെച്ചാണെന്ന സൂചനകൾ നേരത്തെ തന്നെ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡും നടത്തി. സിസിടിവി അടക്കുള്ള തെളിവുകൾ വെച്ച് സരിത്തിനെ കൂടുതൽ ചെയ്തതോടെയാണ് ഇക്കാര്യം സരിത്ത് സമ്മതിച്ചത്.
സ്വപ്നയും സന്ദീപുമായി പല തവണ ഇവിടെ വെച്ച് കൂടിക്കാഴ്ച നടത്തിയതായി സരിത്ത് സമ്മതിച്ചതായാണ് വിവരം. സ്വപ്നയ്ക്ക് ശിവശങ്കറുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഫ്ലാറ്റ് ഗൂഢാലോചനയ്ക്കായി ഉപയോഗിച്ചത്. എന്നാൽ ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് സരിത്ത് മൊഴി നല്കിയതായാണ് സൂചന. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം ഉടൻ നോട്ടീസ് നൽകാനാണ് കസ്റ്റംസിന്റെ നീക്കം. കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യുക.

ഇന്ന് മൂന്ന് പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ ഇടനിലക്കാരൻ റമീസ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇവർ മുമ്പ് സ്വർണക്കടത്തിൽ ഇടപ്പെട്ടിട്ടുള്ളവരാണെന്നാണ് സൂചന.

അതേസമയം കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പിഡബ്യൂസിക്ക് വക്കീൽ നോട്ടീസ് അയച്ചതായാണ് വിവരം. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സ്വപ്നയെ ജോലിക്കെടുത്തതില്‍ പിഡബ്യൂസി, വിഷന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *