സ്വന്തം ചരമ വാര്‍ത്ത പത്രങ്ങളില്‍ നല്‍കിയ ശേഷം കാണാതായ ഗൃഹനാഥന്‍ കോട്ടയത്തെത്തി

സ്വന്തം ചരമ വാര്‍ത്തയും പരസ്യവും പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ ശേഷം അപ്രത്യക്ഷനായ തളിപ്പറമ്പ് സ്വദേശി കോട്ടയത്തെ കാര്‍ഷി കവികസനബാങ്കിലെത്തി.

പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് വ്യാഴാഴ്ച രാവിലെ കാണാതായ തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേല്‍ തിങ്കളാഴ്ചയാണ് നാടകീയമായി കോട്ടയത്തെ ബാങ്കിലെത്തിയത്. പകല്‍ രണ്ടരയോടെ ബാങ്കിലെത്തിയ ജോസഫ് അരമണിക്കൂറിലധികം അവിടെ ചെലവഴിച്ചു. പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സ്വന്തം ചരമ പരസ്യവും നിര്യാണവാര്‍ത്തയും ബാങ്ക് സെക്രട്ടറി ശിവജിയെ കാണിച്ചു. മരിച്ചത് തന്റെ ബന്ധുവാണെന്നും ചെവിക്ക് പിന്നിലെ മുഴ തിരുവനന്തപുരത്ത് ആര്‍.സി.സിയില്‍ കാണിച്ചപ്പോള്‍ ട്യൂമറാണെന്ന് കണ്ടെത്തിയതായും സെക്രട്ടറിയോട് പറഞ്ഞു.

അവിടെ ചികിത്സയില്‍ കഴിയവേ ഹൃദയാഘാതത്താല്‍ മരിച്ചെന്ന് പറഞ്ഞ് ജോസഫ് പൊട്ടിക്കരഞ്ഞുവത്രേ. തുടര്‍ന്ന് മൃതദേഹത്തില്‍നിന്ന് ലഭിച്ചതെന്ന് പറഞ്ഞ് സ്വര്‍ണമാലയും വന്‍തുകയും എ.ടി.എം കാര്‍ഡുമടങ്ങിയ പൊതി സെക്രട്ടറിയെ ഏല്‍പ്പിച്ചശേഷം മരിച്ചയാളുടെ ഭാര്യ തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ജോസഫിനെ കാണാതായതു സംബന്ധിച്ച് കാര്‍ഷിക വികസനബാങ്ക് സെക്രട്ടറിമാരുടെ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് പ്രാഥമിക സഹകരണ കാര്‍ഷിക വികസനബാങ്ക് സെക്രട്ടറിയുമായ വി.വി.പ്രിന്‍സിന്റെ വാട്ട്‌സാപ്പ് പോസ്റ്റ് കണ്ടിരുന്ന ശിവജി മൊബൈല്‍ ഫോണില്‍ പ്രിന്‍സിനെ വിളിച്ചു.
ഇതോടെ സംശയം തോന്നിയ ജോസഫ് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് സ്ഥലം വിട്ടു. പ്രിന്‍സ് ഇക്കാര്യം ഉടന്‍തന്നെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലിനെ അറിയിച്ചു. വേണുഗോപാല്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കോട്ടയം ഡിവൈ.എസ്.പി സക്കറിയ പൊലിസിനെ അയച്ച് നഗരമാകെ തിരഞ്ഞെങ്കിലും ജോസഫിനെ കണ്ടെത്താനായില്ല. കോട്ടയം ടൗണിലെ ഏതെങ്കിലും ലോഡ്ജില്‍ ജോസഫ് താമസിക്കുന്നുണ്ടാകുമെന്ന വിശ്വാസത്തില്‍ അന്വേഷണത്തിനായി രൂപീകരിച്ച സ്‌പെഷല്‍സ്‌ക്വാഡും തളിപ്പറമ്പ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷറഫുദ്ദിന്‍, രമേശന്‍, സുരേഷ് എന്നിവരും ഇന്നലെ വൈകുന്നേരം കോട്ടയത്തേക്ക് പോയിട്ടുണ്ട്. ഇവരും കോട്ടയം പൊലിസും ഇന്ന് കൂടുതല്‍ തിരച്ചില്‍ നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *