കര്‍ഷകരോടുള്ള സര്‍ക്കാറിന്റെ അവഗണനക്കെതിരെ സമരം നയിച്ച ബി.ജെ.പി നോതാവും മുന്‍കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹയെ പൊലിസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം അകോലയില്‍ നടന്ന പ്രതിഷേധ സമരത്തിനിടെയാണ് യശ്വന്ത് സിന്‍ഹയേയും 250ഓളം കര്‍ഷകരേയും പൊലിസ് കസ്റ്റഡിയിലെടുത്തത്.
അദ്ദേഹത്തെ രാത്രിയോടെ പൊലിസ് വിട്ടയച്ചു. എന്നാല്‍ കസ്റ്റഡിയിലെടുത്തവര്‍ പിരിഞ്ഞു പോവാന്‍ വിസമ്മതിച്ച് പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു പുറത്ത് പ്രതിഷേധിക്കുകയാണ്. യശ്വന്ത് സിന്‍ഹ പുറത്ത് കട്ടിലില്‍ ഉറങ്ങിയതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

അതേസമയം, ബോംബെ പൊലിസ് ആക്ട് പ്രകാരം കലക്ടറേറ്റിന് പുറത്ത് സമരം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം.
താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയോടോ അദ്ദേഹം തന്നോടോ സംസാരിച്ചിട്ടില്ലെന്ന് സിന്‍ഹ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നവെന്നാരോപിച്ച് നൂറുകണക്കിന് പേരാണ് സിന്‍ഹയോടൊപ്പം സമരത്തില്‍ പങ്കെടുക്കുന്നത്.













