സ്റ്റേ ഓര്‍ഡറുകളുടെ കാലാവധി ഇനി ആറുമാസം

ന്യൂഡല്‍ഹി: സ്റ്റേ ഓര്‍ഡറുകള്‍ മൂലം കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് ഇനി പരിഹാരമായേക്കും. സ്റ്റേ ഓര്‍ഡറുകളുടെ കാലാവധി ആറുമാസമാക്കി സുപ്രിം കോടതി വിധി പുറപ്പെടുവിച്ചു.നിലവില്‍ കോടതി സ്റ്റേ മൂലം നിയമ നടപടികള്‍ നിര്‍ത്തിവച്ച എല്ലാ കേസുകളും ആറുമാസത്തിനു ശേഷം പുനരാരംഭിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കോടതികള്‍ ഇനി മുതല്‍ നല്‍കുന്ന സ്റ്റേ ഉത്തരവുകള്‍ക്കും വിധി ബാധകമാകും.

ആറുമാസത്തിലേക്കാള്‍ കൂടുതല്‍ സ്റ്റേ വേണമെന്ന് ജഡ്ജി കരുതുന്ന കേസുകളിലെ വിധിയില്‍ തന്നെ നീട്ടുന്നതിന്റെ കാരണം വ്യക്തമാക്കണം. സ്റ്റേ ആറുമാസത്തിലധികം നീട്ടണമെങ്കില്‍ എല്ലാ കരണങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള സ്പീക്കിങ്ങ് ഓര്‍ഡര്‍ പുറപ്പെടുവിക്കണം. സ്പീക്കിങ്ങ് ഓര്‍ഡറില്‍ കേസ് തീര്‍പ്പ് കല്‍പ്പിക്കുന്നതിനേക്കാള്‍ സ്റ്റേ നീട്ടുകയാണ് പ്രധാനമെന്ന് വ്യക്തമാക്കാന്‍ സാധിക്കണം. കേസിന്റെ പ്രത്യേക സ്വഭാവവും വിധിയില്‍ വ്യക്തമാക്കണമെന്നും സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

ഇരുപത് വര്‍ഷം മുമ്പ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി റോഡ് നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ണായക വിധി.സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഹൈകോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങുകയായിരുന്നു. പിന്നീട് 2013ലാണ് കേസ് സുപ്രിംകോടതിയിലെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *